ഇനി അവര്‍ ഒന്നല്ല രണ്ടാണ്; സയാമീസ് ഇരട്ടകളായ നിമയുടെയും ദവയുടെയും നിര്‍ണ്ണായക ശസ്ത്രക്രിയ ഇന്ന്

Published : Nov 09, 2018, 01:44 PM IST
ഇനി അവര്‍ ഒന്നല്ല രണ്ടാണ്; സയാമീസ് ഇരട്ടകളായ നിമയുടെയും ദവയുടെയും നിര്‍ണ്ണായക ശസ്ത്രക്രിയ ഇന്ന്

Synopsis

ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായി 2017 ജൂലൈ 13നായിരുന്നു ഇരുവരുടെയും ജനനം. ജനിക്കുമ്പോഴേ വയറുകളും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നിമയും ദവയും. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്തോറും ഇരുവരും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും അതിരില്ലായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാനോ ഒന്ന് സ്വതന്ത്രമായി ചലിക്കാന്‍ പോലുമോ അവര്‍ക്ക് സാധ്യമായിരുന്നില്ല.   

മെല്‍ബണ്‍: ജനിച്ചത് മുതല്‍ വേദന മാത്രമായിരുന്നു നിമക്കും ദവക്കും കൂട്ട്. ഒരു മാസം മുമ്പ് ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് അമ്മ ഭുംചു സാംഗ്മോ തന്റെ കുരുന്നുകളുമായി എത്തിയതും ആ വേദനക്ക് ഒരു പരിഹാരം തേടിയാണ്. ഒടുവില്‍ നിര്‍ണ്ണായകമായ ശസ്ത്രക്രിയയിലേക്ക് കടക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഈ അമ്മയ്ക്ക് കൂട്ട്.

ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായി 2017 ജൂലൈ 13നായിരുന്നു ഇരുവരുടെയും ജനനം. ജനിക്കുമ്പോഴേ വയറുകളും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നിമയും ദവയും. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്തോറും ഇരുവരും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും അതിരില്ലായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാനോ ഒന്ന് സ്വതന്ത്രമായി ചലിക്കാന്‍ പോലുമോ അവര്‍ക്ക് സാധ്യമായിരുന്നില്ല. 

പല ആശുപത്രികളിലും തന്റെ കുഞ്ഞുങ്ങളെയുമായി ഈ അമ്മ കയറിയിറങ്ങി. അത്ര പെട്ടെന്നൊന്നും പരിഹരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല നിമയുടെയും ദവയുടെയും അവസ്ഥ. നെഞ്ചും വയറും ഒട്ടിച്ചേര്‍ന്നുവെന്ന് മാത്രമല്ല, കുടലും കരളുമെല്ലാം ഇരുവരുടേതും പരസ്പരം പിണഞ്ഞായിരുന്നു കിടന്നത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഒരു ശസ്ത്രക്രിയ മാത്രമേ ഏക വഴിയായി മുന്നിലുണ്ടായിരുന്നുള്ളൂ. തികച്ചും സാധാരണക്കാരായ ഇവര്‍ക്ക് വിദേശ ചികിത്സയെല്ലാം സ്വപ്‌നം കാണാന്‍ മാത്രമേ ആകുമായിരുന്നുള്ളൂ. എന്നാല്‍ അപ്രതീക്ഷിതമായാണ് കൈത്താങ്ങുമായി ഓസ്ട്രേലിയയിലെ ജീവകാരുണ്യ സംഘടനയെത്തിയത്. പിന്നീട് ഏറെയെന്നും ചിന്തിച്ച് നില്‍ക്കാതെ മെല്‍ബണിലേക്ക് തിരിക്കുകയായിരുന്നു കുടുംബം.

കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുവോളം ഡോക്ടര്‍മാരുടെ സംഘം കാത്തു. ഇരുവരും പൂര്‍ണ്ണ ആരോഗ്യതികളാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിച്ചത്. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ചാണ് ശസ്ത്രക്രിയ നടക്കുക. എല്ലാം വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം തലവന്‍ ജോ ക്രേമറി അറിയിച്ചു. 18 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. 
 
2009ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള സയമീസ് ഇരട്ടകളായ തൃഷ്ണയുടെയും കൃഷ്ണയുടെയും ശസ്ത്രക്രിയ വിജയകരമായി നടത്തിയ അതേ സംഘമാണ് ഭൂട്ടാന്‍ സഹോദരിമാരുടെയും ശസ്ത്രക്രിയ നടത്തുന്നത്. അന്ന് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് ഇവര്‍ നടത്തിയത്. പൂര്‍ണ്ണ ആരോഗ്യത്തോടും ഊര്‍ജ്ജസ്വലതയോടും കൂടി തന്റെ മക്കള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്ന് ഭുംചു സാംഗ്മോയും പറഞ്ഞു.
 
PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ