
ചികിത്സയിലൂടെ നിയന്ത്രിച്ച് നിര്‍ത്താമെന്നല്ലാതെ പ്രമേഹത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുക സാധ്യമല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നമുക്കാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് കഴിയാത്ത സാഹചര്യമാണ് പ്രമേഹത്തിലുണ്ടാകുന്നത്. അതിനാല്‍ ഇന്‍സുലിന്‍ തന്നെയാണ് ഇതിന്‍റെ പ്രധാന മരുന്ന്. എന്നാല്‍ പലപ്പോഴും ഡയറ്റിലൂടെയും ചില പൊടിക്കൈകളിലൂടെയുമെല്ലാം പ്രമേഹത്തിനെ വരുതിയിലാക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് മല്ലി.
മല്ലി, പ്രമേഹത്തെ വലിയ രീതിയില്‍ ചെറുക്കുന്നതിന് നമ്മെ സജ്ജരാക്കും. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാത്സ്യം- എന്നിങ്ങനെ ശരീരത്തിനാവശ്യനായ മിക്ക പോഷകങ്ങളും മല്ലിയിലടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും മല്ലി കഴിക്കുന്നത് സഹായിക്കും. ഇതിലൂടെ പ്രമേഹത്തെയും നിയന്ത്രിക്കാനാകുന്നു.
ഇന്‍സുലിന്‍ ഉത്പാദനത്തെയും അതിന്‍റെ പ്രവര്‍ത്തനത്തെയും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മല്ലിക്ക് കഴിയും. മല്ലിയിലടങ്ങിയിരിക്കുന്ന എഥനോളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്തുന്നത്.
എങ്ങനെയാണ് കഴിക്കേണ്ടത്?
മല്ലി, സാധാരണഗതിയില്‍ നമ്മള്‍ വിവിധ കറികളിലും മറ്റ് ഭക്ഷണത്തിലുമെല്ലാം ചേര്‍ത്താണ് കഴിക്കാറ്. ചിലര്‍ പച്ചമല്ലി വെറുതെ ചവച്ചരച്ചും ഇടയ്ക്ക് കഴിക്കുന്നത് കാണാം. ഇതെല്ലാം നല്ലതുതന്നെ, എന്നാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ മല്ലി ഇങ്ങനെയൊന്നും കഴിച്ചാല്‍ പോര.
ഒരുപിടി മല്ലി രാത്രിയില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ മല്ലി ഊറ്റിയ ശേഷം ഈ വെള്ളം കുടിക്കുക. വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടത്. പ്രമേഹം മാത്രമല്ല, ഒരു പരിധി വരെ കൊളസ്ട്രോളിന്‍റെ അളവും ഇത് നിയന്ത്രിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍എഡിഎല്‍ കുറയ്ക്കാനാണ് ഇത് സഹായിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam