
കാസര്‍ഗോഡ്: ആര്‍ക്കും വേണ്ടാതിരുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ അമ്പതു സെന്റ് ഭൂമിയില്‍ കാസര്‍ഗോട്ടെ വിമുക്ത ഭടനും റിട്ടയര്‍ഡ് അദ്ധ്യാപികയായ ഭാര്യയും ചേര്‍ന്ന് നടത്തുന്ന കാര്‍ഷിക വിപ്ലവം അറിഞ്ഞാല്‍ ഞെട്ടാത്തവര്‍ ആരുമുണ്ടാകില്ല. കാസര്‍ഗോഡ് ബളാല്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട വെള്ളരിക്കുണ്ടിലെ തുളുശ്ശേരി വീട്ടില്‍ തങ്കച്ചനും(57) ഭാര്യ ഫിലോമിനയുമാണ്(57) അരുംകൊതിക്കുന്ന തരത്തില്‍ തങ്ങളുടെ അമ്പതു സെന്റിനെ കാര്‍ഷിക സൗഹൃദമാക്കിയിരിക്കുന്നത്.
പാറക്കൂട്ടം പൊളിച്ചുമാറ്റി ആദ്യം നല്ലൊരു വീട് പണിതു തങ്കച്ചന്‍. പിന്നെ പശുക്കള്‍ക്കുള്ള മനോഹരമായ തൊഴുത്ത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിനൊപ്പം അലങ്കാര മല്‍സ്യ കുളം. വിവിധ ഇനത്തില്‍പെട്ട അലങ്കാര പ്രാവുകള്‍ക്ക് മാത്രമായി മറ്റൊരു വീട്. താറാവുകള്‍ക്കും അരയന്നങ്ങള്‍ക്കും നീന്തികുളിക്കാന്‍ കുളം. നായകള്‍ക്കും പൂച്ചകള്‍ക്കും വിവിധ ഇനത്തില്‍പ്പെട്ട പക്ഷികള്‍ക്കും അലങ്കാര കോഴികള്‍ക്കും പുറമെ കരിംകോഴിയും മലബാറി ആടുകളും തുടങ്ങി നീളുന്നു അമ്പതു സെന്റിലെ കാര്‍ഷിക വിപ്ലവ പട്ടിക.
1996ല്‍ ബിഎസ്എഫില്‍ നിന്നു പിരിഞ്ഞതിനു ശേഷമാണ് കുടിയേറ്റ കര്‍ഷകനായ തുളുശ്ശേരി ചാക്കോയുടെ മകന്‍ തങ്കച്ചന്‍ കാര്‍ഷിക രംഗത്തേക്ക് തിരിഞ്ഞത്. സൈനിക സേവനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ തങ്കച്ചന്‍ കുടുംബ വകയായി കിട്ടിയ ഭൂമിയിലെ പാറക്കൂട്ടം വീടുവയ്ക്കാനായി തെരഞ്ഞെടുത്തപ്പോള്‍ പരിഹാസമായിരുന്നു ചുറ്റുമുളള പ്രതികരണം.
പാറകള്‍ പൊട്ടിച്ചുമാറ്റി അതില്‍ വീടുവെക്കുന്നതിനുമുമ്പേ തന്നെ ചെടികളും വാഴകളും തെങ്ങുകളും നട്ടു നനച്ചുവളര്‍ത്തി വിമര്‍ശകര്‍ക്ക് തങ്കച്ചനും ഫിലോമിനയും മറുപടി നല്‍കി. വീടുപണി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തങ്കച്ചന്‍ പൂര്‍ണമായും കാര്‍ഷിക വൃത്തിയിലേക്ക് തിരിഞ്ഞത്. വീടിന്റെ കിഴക്ക് ഭാഗത്തു നിര്‍മ്മിച്ച ആധുനിക സംവിധാനത്തോടുകൂടിയ പശുതൊഴുത്തിലെ എച്ച് എഫ് ഇനത്തില്‍പ്പെട്ട എട്ടു പശുക്കള്‍ ദിവസേന തങ്കച്ചനു നല്‍കുന്നത് 70 ലിറ്റര്‍ പാലാണ്.
പശുക്കളുടെ കറവയ്ക്കും അവിടേക്കുള്ള വെളിച്ചത്തിനും വെള്ളത്തിനും തൊഴുത്തിലെ ഫാനുകള്‍ക്കും തങ്കച്ചന്‍ ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സോളാറില്‍നിന്നാണ്. വെള്ളരിക്കുണ്ട് മില്‍മ്മയില്‍ ഏറ്റവുംകൂടുതല്‍ പാല്‍ നല്‍കുന്ന കര്‍ഷകന്‍ എന്നനിലയില്‍ തങ്കച്ചന്റെ പശുക്കളുടെ പരിചരണത്തിന് മില്‍മ്മയും കൈകോര്‍ക്കുന്നുണ്ട്.
താറാവുകളില്‍നിന്നും കോഴികളില്‍നിന്നും ലഭിക്കുന്ന മുട്ടകള്‍ക്കും ആവശ്യക്കാര്‍ ഏറെ. സമീപത്തെ പത്തോളം വീടുകളില്‍ പാല്‍ നല്‍കുന്നത് ഇവരുടെ വീട്ടില്‍ നിന്നാണ്. അലങ്കാര പ്രാവുകളും മല്‍സ്യങ്ങളും വളര്‍ത്തുന്ന തങ്കച്ചന്‍ ഇതിനെ വില്‍പ്പന നടത്താന്‍ തുടങ്ങിയിട്ടില്ല. വിവിധ ഇനങ്ങളായ മുയലുകളും കുരുവികളും നായകളും തങ്കച്ചന്റെയും ഫിലോമിനടീച്ചറിന്റെയും അരുമകളായി ഇവിടെ വളരുന്നുണ്ട്.
വെള്ളരിക്കുണ്ട് വിമല എല്‍പി സ്‌കൂളില്‍നിന്ന് 2016ല്‍ അധ്യാപന ജോലിയില്‍നിന്നും പിരിഞ്ഞ ഫിലോമിന ടീച്ചര്‍ ഇപ്പോള്‍ തങ്കച്ചനോപ്പം മുഴുവന്‍ സമയ കൃഷിക്കാരിയാണ്. വീടുപണിക്കായി തങ്കച്ചനും ഫിലോമിനയും ബാങ്ക് വായ്പ്പ എടുത്തിട്ടുണ്ടെങ്കിലും തങ്ങളുടെ കാര്‍ഷിക മേഖലയെ ഇതുവരെ കടക്കെണിയില്‍ പെടുത്തിയിട്ടില്ല. ഇത്തവണത്തെ ബളാല്‍ കൃഷി ഭവന്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തതും തങ്കച്ചനെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam