ബ്ലാങ്കറ്റില്‍ പൊതിഞ്ഞ അമ്മയുടെ മൃതദേഹത്തോടൊപ്പം 44 രാത്രികള്‍ ഉറങ്ങിയ മകള്‍!

By Web TeamFirst Published Feb 16, 2019, 5:13 PM IST
Highlights

നാട്ടുകാരിലൊരാള്‍ ജോയുടെ വീട്ടിനകം പരിശോധിക്കാന്‍ തീരുമാനിച്ചു. എല്ലായ്‌പോഴും വാതിലുകളെല്ലാം പൂട്ടിയിടുന്നതിനാല്‍ മുകളിലത്തെ നിലയില്‍ പിടിച്ചുകയറി ജനാല വഴിയാണ് ഇയാള്‍ വീട്ടിനകത്തേക്ക് കടന്നത്. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ഒരു കെട്ട് ബ്ലാങ്കറ്റുകള്‍ക്ക് താഴെ അഴുകിത്തുടങ്ങിയ വൃദ്ധയുടെ മൃതദേഹം
 

വിര്‍ജീനിയക്കാരിയായ ജോ-വിറ്റ്‌നി അമ്മ റോസ്‌മേരിക്കൊപ്പമായിരുന്നു താമസം. അമ്മയ്ക്ക് 78 വയസ്സും മകള്‍ക്ക് 55 വയസ്സും. ചുരുക്കം ചില ബന്ധുക്കളോട് മാത്രമേ ഇരുവരും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുള്ളൂ. 

ഡിസംബര്‍ അവസാനത്തോടെ അമ്മയെ ഒട്ടും പുറത്തേക്ക് കാണാനില്ലാതായി. എന്നാല്‍ ജോ ഇടയ്ക്ക് ബന്ധുക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പോകുമായിരുന്നു. അങ്ങനെ വൃദ്ധയെ അന്വേഷിച്ച് ചില ബന്ധുക്കളെല്ലാം ജോയുടെ വീട്ടിലെത്തി. 

എന്നാല്‍ അവരോടൊക്കെ പരുഷമായി പെരുമാറിയ ശേഷം ഇറങ്ങിപ്പോകാനാണ് ജോ പറഞ്ഞത്. ഇതോടെയാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമായത്. ജോ തങ്ങളില്‍ നിന്നെന്തോ മറച്ചുവയ്ക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നി. 

അങ്ങനെയാണ് നാട്ടുകാരിലൊരാള്‍ ജോയുടെ വീട്ടിനകത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. എല്ലായ്‌പോഴും വാതിലുകളെല്ലാം പൂട്ടിയിടുന്നതിനാല്‍ മുകളിലത്തെ നിലയില്‍ പിടിച്ചുകയറി ജനാല വഴിയാണ് ഇയാള്‍ വീട്ടിനകത്തേക്ക് കടന്നത്.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ഒരു കെട്ട് ബ്ലാങ്കറ്റുകള്‍ക്ക് താഴെ അഴുകിത്തുടങ്ങിയ വൃദ്ധയുടെ മൃതദേഹം. ദുര്‍ഗന്ധം പുറത്തെത്താതിരിക്കാന്‍ അറുപതിലധികം റൂം ഫ്രഷ്‌നെറുകള്‍ വച്ചിരിക്കുന്നു. അന്‍പതിലധികം പുതപ്പുകള്‍ക്ക് താഴെയായിരുന്നു ജോ അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിനകത്ത് വച്ച് വൃദ്ധ മരിക്കുകയായിരുന്നുവെന്നാണ് ജോ, പിന്നീട് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വൃദ്ധയുടെ മരണത്തോടെ ജോ, ഭയപ്പെടാന്‍ തുടങ്ങി. താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെയാണ് മരണവിവരം പുറത്തറിയിക്കാതിരുന്നത്. 

44 രാത്രികളാണ് ഇവര്‍ മരിച്ചുപോയ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയത്. അവിശ്വസനീയമാണ് ഇതെന്ന് സംഭവം അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ പറയുന്നു. ഒപ്പം തന്നെ ജോ നല്‍കിയ മൊഴികളിലെ സത്യസന്ധത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഏതായാലും അമ്മയുടെ മരണം ഒളിപ്പിച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മൃതദേഹങ്ങള്‍ക്കൊപ്പം കഴിയുന്ന മനശാസ്ത്രം...

പലയിടങ്ങളില്‍ നിന്നായി ഇടയ്ക്കിടെ നമ്മള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. മരിച്ചുപോയ അച്ഛന്റെ, അല്ലെങ്കില്‍ അമ്മയുടെ അതുമല്ലെങ്കില്‍ പങ്കാളിയുടെ മൃതദേഹത്തോടൊപ്പം ഒരേ വീട്ടില്‍ ദിവസങ്ങളോളം കഴിയുന്നു. എന്താണ് ഇതിന് പിന്നിലെ മനശാസ്ത്രം?

പ്രധാനമായും പ്രിയപ്പെട്ട ഒരാളുടെ മരണത്തെ അംഗീകരിക്കാന്‍ കഴിയാതെ, മാനസികനില തകരാറിലായിപ്പോകുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ആശ്രയിക്കാന്‍ അധികമാരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവരാണ് പലപ്പോഴും ഇങ്ങനെയെല്ലാം പെരുമാറുന്നത്. 

ഏറ്റവും അടുപ്പമുള്ളയാളുടെ മരണത്തെ വിശ്വസിക്കാനാവാതെ, തങ്ങളുടെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ തുടര്‍ന്നും മുന്നോട്ടുപോകുക. മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയെ ഓര്‍ത്ത് അരക്ഷിതരാവുക. സാമൂഹികമോ വൈകാരികമോ സാമ്പത്തികമോ ഒക്കെയാകാം ഈ അരക്ഷിതാവസ്ഥ. ഇവയില്‍ നിന്നെല്ലാം മനസ്സ് പാളം തെറ്റിപ്പോകാനുള്ള സാധ്യതകളുണ്ടാകുന്നു. 

ഇതൊന്നുമല്ലെങ്കില്‍ കുറ്റം ചെയ്ത ഒരാളുമാകാം ഇത്തരത്തില്‍ മൃതദേഹത്തിനൊപ്പം കഴിയാന്‍ ധൈര്യപ്പെടുന്നത്. താന്‍ ചെയ്ത കുറ്റം കണ്ടുപിടിക്കപ്പെടുമോയെന്ന പേടിയില്‍ നിന്ന് സംഭവിക്കുന്നത്. അതുമല്ലെങ്കില്‍ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമായും ചിലര്‍ ഇങ്ങനെ ചെയ്‌തേക്കാം. എങ്കിലും പ്രധാനമായും അരക്ഷിതാവസ്ഥയോ ഷോക്കോ ഒക്കെത്തന്നെയാണ് മനുഷ്യരെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

കൃത്യമായ കൗണ്‍സിലിംഗിലൂടെയും സാമൂഹികമായ പരിശീലനങ്ങളിലൂടെയും മരുന്നിലൂടെയുമെല്ലാം ഇത്തരത്തില്‍ കൈവിട്ടുപോയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാവുന്നതേയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.  

click me!