സ്ത്രീകളോട്; നിങ്ങളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ 'പോണ്‍ അഡിക്ട്' ആണോ? ഇതെങ്ങനെ തിരിച്ചറിയാം

By Web TeamFirst Published Feb 15, 2019, 9:47 PM IST
Highlights

ഭർത്താവോ കാമുകനോ 'പോണ്‍' കാണുന്നുണ്ടോയെന്ന് നിങ്ങള്‍ക്ക് അറിയില്ല എന്ന് തന്നെ കരുതുക. അതിനാല്‍ തന്നെ അവര്‍ക്ക് 'പോണ്‍ അഡിക്ഷന്‍' അഥവാ അത്തരം 'മസാല'സിനിമ, ദൃശ്യങ്ങള്‍ എന്നിവയോട് അമിതമായ താല്‍പര്യം ഉണ്ടോയെന്ന് നിങ്ങളെങ്ങനെ തിരിച്ചറിയാനാണ്! എന്നാല്‍ ഇത് പങ്കാളിയുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാമെന്നാണ് പുതിയൊരു പഠനം പറയുന്നത്
 

ഭര്‍ത്താവോ കാമുകനോ 'പോണ്‍' കാണുന്നത് ഏത് രീതിയിലാണ് ഒരു സ്ത്രീയെ ബാധിക്കുകയെന്ന ചോദ്യമായിരിക്കും ആദ്യമേ മനസ്സില്‍ വരുന്നത്, അല്ലേ? ഇനി, ഭര്‍ത്താവോ കാമുകനോ 'പോണ്‍' കാണാറുണ്ടോ, ഉണ്ടെങ്കില്‍ എത്ര നേരം എന്നൊക്കെ ഞാനെങ്ങനെ അറിയാനാണ് എന്ന ചോദ്യം സ്ത്രീയുടെ ഭാഗത്തുനിന്നും വന്നേക്കാം. 

ശരിയാണ് അവര്‍ 'പോണ്‍' കാണുന്നുണ്ടോയെന്ന് നിങ്ങള്‍ക്ക് അറിയില്ല എന്ന് തന്നെ കരുതുക. അതിനാല്‍ തന്നെ അവര്‍ക്ക് 'പോണ്‍ അഡിക്ഷന്‍' അഥവാ അത്തരം 'മസാല'സിനിമ, ദൃശ്യങ്ങള്‍ എന്നിവയോട് അമിതമായ താല്‍പര്യം ഉണ്ടോയെന്ന് നിങ്ങളെങ്ങനെ തിരിച്ചറിയാനാണ്!

എന്നാല്‍ ഇത് പങ്കാളിയുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അതായത് നിങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട് പങ്കാളി പ്രകടിപ്പിക്കുന്ന അതൃപ്തി, അല്ലെങ്കില്‍ ഇഷ്ടക്കുറവ് ഇവയെല്ലാം ഇതിന്റെ സൂചനയാകാമെന്നാണ് പഠനം പറയുന്നത്. 

ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകസംഘമാണ് പുരുഷന്മാരുടെ 'പോണ്‍ അഡിക്ഷന്‍' സ്ത്രീകളെ എത്തരത്തില്‍ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയത്. പുരുഷന്മാരുടെ ഈ ദൗര്‍ബല്യം പങ്കാളിയായ സ്ത്രീയുടെ ഭക്ഷണക്രമത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

'പോണ്‍ അഡിക്ഷന്‍' ഉള്ള പുരുഷന്മാരുടെ മനസ്സില്‍ എപ്പോഴും 'പോണ്‍' താരങ്ങളായ സ്ത്രീകളുടെ ശരീരമാണ് ഉണ്ടാകുന്നത്. അവരുടെ സൗന്ദര്യസങ്കല്‍പം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ ദൂരെയാകുന്നു. കടഞ്ഞെടുത്ത ശരീരം, അളവൊത്ത ശരീരം, ആകര്‍ഷണീയതയുള്ള അവയവങ്ങള്‍ ഇങ്ങനെയെല്ലാം അവര്‍ സ്ത്രീയെ സങ്കല്‍പിച്ചുകൊണ്ടിരിക്കും. ഇത് മനപ്പൂര്‍വ്വമായി തെരഞ്ഞെടുക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന സങ്കല്‍പമല്ല. 'പോണ്‍' അമിതമായി സ്വീധീനിക്കുമ്പോള്‍ പുരുഷനില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമാണത്രേ. 

ഈ സങ്കല്‍പം കുറേശ്ശെയായി ഇവരുടെ ജീവിതത്തിലേക്കും കടന്നുവരുന്നു. ഭാര്യയുടെ അല്ലെങ്കില്‍ കാമുകിയുടെ ശരീരത്തെ തന്റെ സ്വപ്‌നസുന്ദരികളുമായി അവര്‍ താരതമ്യപ്പെടുത്തുന്നു. ഒരിക്കലും തൃപ്തരാകാതെ, പങ്കാളിയോട് വണ്ണം കുറയ്ക്കണം, ഭക്ഷണം നിയന്ത്രിക്കണം, കൊഴുപ്പ് കഴിക്കരുത്, മധുരം ഒഴിവാക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടിരിക്കും. ചെറിയൊരു വിഭാഗം പുരുഷന്മാര്‍ പങ്കാളിയെ ജിമ്മില്‍ പോകാന്‍ നിര്‍ബന്ധിക്കുകയോ, വ്യായാമം ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നു. 

പങ്കാളിയുടെ ആരോഗ്യത്തെ പറ്റി ജാഗ്രതയുള്ള പുരുഷന്മാര്‍ ഇത്തരത്തിലെല്ലാം പെരുമാറാറുണ്ട്. എന്നാല്‍ അതില്‍ എപ്പോഴും കരുതലിന്റെയും സ്‌നേഹത്തിന്റെയും അംശം വേര്‍തിരിച്ച് കിടപ്പുണ്ടായിരിക്കും. എന്നാല്‍ 'പോണ്‍' സ്വാധീനത്താല്‍ ഭാര്യയെയോ കാമുകിയെയോ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു പുരുഷനില്‍ നിന്ന് അതൃപ്തിയോ വെറുപ്പോ മാത്രമാണ് വരിക. ഇതാണത്രേ പുരുഷന്റെ 'പോണ്‍ അഡിക്ഷനെ' എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്ന അവസരവും. 

'പോണ്‍' കാണുന്നത് അനാരോഗ്യകരമാണെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നില്ല. അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും. അതേസമയം ഇതില്‍ അമിതമായ താല്‍പര്യം വന്നുപോകാനും, അത് ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യതകളേറെയും പുരുഷനിലാണത്രേ കിടക്കുന്നത്. ഇത്തരം പ്രവണതകള്‍ കുടുംബജീവിതത്തെയോ ബന്ധങ്ങളെയോ തകര്‍ക്കാന്‍ വരെ കാരണമാകുന്നുവെന്നും ഇവര്‍ പറയുന്നു.
 

click me!