പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ ആ രോഗിക്ക് ജീവന്‍വച്ചു.!

By Web DeskFirst Published Mar 6, 2018, 9:24 AM IST
Highlights
  • പോസ്റ്റ്മോര്‍ട്ടത്തിനിടയില്‍ രോഗിക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു

ഭോപ്പാല്‍: പോസ്റ്റ്മോര്‍ട്ടത്തിനിടയില്‍ രോഗിക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം അരങ്ങേറിയത്. ഭോപ്പാലിലെ ഛിന്ദ്വാര സ്വദേശിയായ ഹിമാന്‍ഷു ഭരദ്വാജിനാണ് രണ്ടാം ജന്മം ലഭിച്ചിരിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്ന്  സാരമായ പരിക്കേറ്റ ഹിമാന്‍ഷുവിനെ ഞായറാഴ്ച വൈകീട്ടാണ് ഒരു പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുന്ന് പ്രഥമിക ചികില്‍സ നല്‍കി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു.

ഇവിടെ പ്രവേശിപ്പിച്ച് അല്‍പ്പസമയത്തിനുള്ളില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇവിടെവെച്ച് ഡോക്ടര്‍മാര്‍ വിധിയെഴുതി. മരിച്ചെന്ന് വിലയിരുത്തി യുവാവിനെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇവിടെ വെച്ചും ഇദ്ദേഹത്തിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചു.

തുടര്‍ന്ന് ഭരദ്വാജിനെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കെടുത്തു. പാത്തോളജിസ്റ്റായ ഡോ. നിര്‍ണയ് പാണ്ഡേയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി നിയോഗിക്കപ്പെട്ടത്. ടേബിളില്‍ കിടത്തിയ ദരജ്വാജിന് പള്‍സുള്ളതായി ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. 

ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഭരദ്വാജിന്റെ സ്തിഷ്‌കമരണം സംഭവിച്ചിരുന്നുവെന്നും പള്‍സ് കാണിക്കുന്നുണ്ടായിരുന്നില്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശ്വസനേന്ദ്രിയങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുകയും ഇതോടെ പള്‍സ് കാണിക്കുകയും ജീവനുണ്ടെന്ന് വ്യക്തമാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം ചികിത്സാ പിഴവ് ആരോപിച്ച് ജനക്കൂട്ടം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

click me!