ചായയില്‍ എപ്പോഴാണ് പാലൊഴിക്കേണ്ടത്? ഇങ്ങനെയും ഒരു സര്‍വേ

By Web TeamFirst Published Aug 2, 2018, 9:29 AM IST
Highlights

ചായയില്‍ ആദ്യമാണോ അവസാനമാണോ പാല്‍ ചേർക്കേണ്ടത് എന്നായിരുന്നു തർക്ക വിഷയം. പ്രായത്തിനും സാമൂഹികമായ വ്യത്യാസങ്ങള്‍ക്കുമനുസരിച്ച് ഭിന്നമായിരുന്നു അഭിപ്രായങ്ങളും

ഓരോ വീട്ടിലും ഓരോ രീതിയിലാണ് ചായയുണ്ടാക്കുന്നത്. വെള്ളം തിളച്ച ശേഷം പാലൊഴിച്ച് വീണ്ടും തിളപ്പിക്കുന്നവരും, തിളപ്പിച്ച പാല്‍ ചായയില്‍ അവസാനം ചേര്‍ക്കുന്നവരും എല്ലാം കാണും. എന്നാല്‍ ഈ വിഷയത്തിലും ഒരു സര്‍വേ നടന്നിരിക്കുന്നു. 

ബ്രിട്ടനിലാണ് സംഭവം നടന്നത്. വ്യത്യസ്തങ്ങളായ ധാരാളം വിഷയങ്ങളെ പറ്റി ചര്‍ച്ച നടത്തുന്ന കൂട്ടത്തിലാണ് ചായപ്രിയരായ ചിലര്‍ ചായയില്‍ പാല്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തെ പറ്റിയും ചര്‍ച്ച ചെയ്തത്. വൈകാതെ യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു.ഗോവ് ഒമ്‌നിബസ് ഈ വിഷയത്തില്‍ സര്‍വേയും നടത്തി. 

സര്‍വേക്കൊടുവില്‍ ചായയില്‍ അവസാനം പാല് ചേര്‍ക്കാനാണ് ബ്രിട്ടനിലുള്ള മിക്കവരും ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമായി. അതായത്, ആകെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 79% പേരും ചായയില്‍ അവസാനം പാല്‍ ചേര്‍ത്താല്‍ മതിയെന്ന് അഭിപ്രായപ്പെട്ടു. ബാക്കി 21 ശതമാനത്തോളം പേര്‍ മറിച്ചും അഭിപ്രായപ്പെട്ടു. 

പ്രായം സര്‍വേയില്‍ വലിയൊരു ഘടകമായെന്നാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. 18നും 24നും ഇടയില്‍ വരുന്ന 96% പേരും ചായയില്‍ പാല്‍ ആദ്യം ചേര്‍ക്കണമെന്ന അഭിപ്രായക്കാരാണത്രേ. പ്രായമായവര്‍ അധികവും അവസാനം പാല്‍ ചേര്‍ക്കണമെന്ന നിലപാടിലുറച്ച് നിന്നു. 

പ്രായം മാത്രമല്ല, സാമൂഹികമായ വേര്‍തിരിവും സംസ്‌കാരവുമെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റിന് കാരണമാകുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. മദ്ധ്യവര്‍ഗം പാല്‍ ആദ്യമേ ചേര്‍ത്ത് തയ്യാറാക്കുമ്പോള്‍ ധനികരായ ആളുകള്‍ അവരുടെ വില കൂടിയ ചൈന കപ്പുകള്‍ കാണിക്കുന്നതിനായി ആദ്യം തിളച്ച വെള്ളം കപ്പിലേക്ക് ഒഴിച്ച് പിന്നീടേ പാല്‍ ചേര്‍ക്കുകയുള്ളൂവത്രേ. 

1946 ല്‍ ഇറങ്ങിയ'എ നൈസ് കപ്പ് ഓഫ് ടീ' എന്ന ലേഖനത്തിലൂടെ ജോര്‍ജ്ജ് ഓര്‍വെല്ലാണ് ആദ്യം ബ്രിട്ടനിലെ ചായപ്രശ്‌നം ചര്‍ച്ച ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ നിന്നാണ് ഈ വിഷയത്തില്‍ പിന്നീട് തുടര്‍ ചര്‍ച്ചകളുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. 

click me!