ഇനി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള വഴി ഡി.എന്‍എ ടെസ്റ്റ് മാത്രം

By Web DeskFirst Published Dec 5, 2017, 10:44 PM IST
Highlights

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എത്രയും വേഗം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം രാത്രിയില്‍ പോലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. ഇതില്‍ 6 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കള്‍ക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈയൊരവസരത്തിലാണ് ആധുനിക ഡി.എന്‍.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. മുമ്പ് പുറ്റിങ്ങല്‍ അപകട സമയത്തും തിരിച്ചറിയാത്ത എല്ലാ മൃതദേഹങ്ങളും ഇതേ അവസ്ഥയിലായിരുന്നു തിരിച്ചറിഞ്ഞത്.

എന്താണ് ഡി.എന്‍.എ. ടെസ്റ്റ്?

ഡി.എന്‍.എ. ടെസ്റ്റ് എന്തെന്നറിയാന്‍ സാധാരണക്കാര്‍ക്ക് ആകാംക്ഷയാണ്. ഇതിനെപ്പറ്റി പല തെറ്റിദ്ധാരണകളാണ് പടരുന്നത്. പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. ഇത് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് കാണുന്നത്. ഈ സ്വഭാവ സവിശേഷതകള്‍ പകുതി അച്ഛനില്‍ നിന്നും പകുതി അമ്മയില്‍ നിന്നുമാണ് മക്കളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഇവരുടെ ഡിഎന്‍എയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകള്‍ ഡിഎന്‍എയില്‍ കാണും. ഒരേപോലുള്ള അപൂര്‍വം ചില ഇരട്ടകള്‍ക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്.

അച്ഛന്‍, അമ്മ, മക്കള്‍, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. അടുത്ത രക്തബന്ധുവിന്റെ രക്തമാണ് ഡിഎന്‍എ ടെസ്റ്റിനായി അയയ്ക്കുന്നത്.

മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്ഥിമജ്ഞ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡിഎന്‍എ ടെസ്റ്റിനായി എടുക്കുന്നത്. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന സമയത്ത് തന്നെ ഇതിന്റെ സാമ്പിളുകള്‍ എടുത്ത് സീല്‍ ചെയ്ത കവറില്‍ പോലീസിനെ ഏല്‍പ്പിക്കുന്നു. പോലീസ് ഇത് കോടതി വഴിയാണ് ഡിഎന്‍എ ടെസ്റ്റിന് അംഗീകാരമുള്ള ലബോറട്ടറിയില്‍ അയക്കുന്നത്.

തിരുവനന്തപുരത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയുന്ന രണ്ട് ലബോറട്ടറികളാണുള്ളത്. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ ഫോറന്‍സിക് സയന്‍സ് ലാബിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലുമാണ് ഡിഎന്‍എ ടെസ്റ്റിനുള്ള സൗകര്യമുള്ളത്.

പോസ്റ്റുമോര്‍ട്ടം സമയത്ത് ഇവിടെയുള്ള മൃതദേഹങ്ങളുടെ സാമ്പിളുകളും എടുത്ത് ഡിഎന്‍എ ടെസ്റ്റിന് അയച്ചിരുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി ലാബിലാണ് ഇവയുടെ ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നത്.

ബന്ധുക്കള്‍ ചെയ്യേണ്ടതെന്ത്?

ഈ മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതാണെന്ന് സംശയമുള്ളവര്‍ അതത് പോലീസ് സ്റ്റേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പോലീസ് വഴി കോടതി ആ അപേക്ഷ സ്വീകരിക്കുന്നു. തുടര്‍ന്ന് ഉത്തരവ് ലഭിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി ലാബില്‍ നിന്നും അവരുടെ രക്തം സ്വീകരിച്ച് പരിശോധിക്കുന്നു.

മരിച്ച ഒരു വ്യക്തിയുടെ സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തു നോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. മൂന്ന് മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫലം അറിയാവുന്നതാണ്. ഇതിന്റെ റിപ്പോര്‍ട്ടും കോടതി വഴിയാണ് പോലീസുകാര്‍ക്ക് ലഭിക്കുന്നത്.

click me!