പുരുഷന്മാരിലെ ഉറക്കക്കുറവും ലൈംഗികശേഷിയും തമ്മിൽ ബന്ധമുണ്ടോ?

By Web TeamFirst Published Oct 11, 2018, 6:35 PM IST
Highlights

തുട‍‍‍ർച്ചയായി ഉറക്കമില്ലാതാകുന്നത് പുരുഷന്മാരില്‍ ഹോര്‍മോണ്‍ മാറ്റമുണ്ടാക്കും. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിലാണ് ഗണ്യമായ മാറ്റമുണ്ടാകുന്നത്

കൃത്യമായ ഉറക്കമില്ലായ്മ ഇപ്പോള്‍ പലരും നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക. ജോലിസംബന്ധമായ കാരണങ്ങളോ സമ്മര്‍ദ്ദങ്ങളോ ഒക്കെയാകാം ഈ ഉറക്കമില്ലായ്മയുടെ കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുക. 

തുട‍‍‍ർച്ചയായി ഉറക്കമില്ലാതാകുന്നത് പുരുഷന്മാരില്‍ ഹോര്‍മോണ്‍ മാറ്റമുണ്ടാക്കും. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിലാണ് ഗണ്യമായ മാറ്റമുണ്ടാകുന്നത്. ടെസ്റ്റോസ്റ്റെറോണിന്‍റെ അളവ് കുറയുന്നത് വിവിധ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും. പുരുഷ ലൈംഗികതയെ നിര്‍ണ്ണയിക്കുന്ന ഹോര്‍മോണ്‍ ആയതുകൊണ്ട് തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതുണ്ടാക്കുക. 

സ്ഥിരമായ ഉറക്കക്കുറവ് പുരുഷന്മാരില്‍ ലൈംഗികതയോടുള്ള താല്‍പര്യമില്ലായ്മ ഉണ്ടാക്കിയേക്കും. ഇതിന് പുറമെ ഉദ്ധാരണശേഷിയെയും ഇത്  ബാധിക്കാന്‍ സാധ്യതയുണ്ട്. ഗുരുതരമായ തോതില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് വന്ധ്യതയ്ക്ക് വരെ കാരണമാകും. 

പിന്നീട് കടുത്ത വിഷാദവും ഉത്കണ്ഠയുമുണ്ടാകാന്‍ ഇത്തരം സാഹചര്യങ്ങള്‍ വഴിവയ്ക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളെല്ലാം പുരുഷന്മാരിലെ ഉറക്കമില്ലായ്മയും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ കാരണമായി ഏവരും ചൂണ്ടിക്കാട്ടുന്നതും ടെസ്റ്റോസ്റ്റിറോണിന്‍റെ അളവില്‍ വരുന്ന മാറ്റമാണ്. 

24 വയസ്സുള്ള ഒരു പുരുഷന് ഉറക്കക്കുറവ് മൂലം ക്രമേണ 10 മുതല്‍ 15% വരെ ഹോര്‍മോണ്‍ കുറവ് ഉണ്ടായേക്കും. ലൈംഗികശേഷിയെ മാത്രമല്ല മസിലുകളുടെയും എല്ലുകളുടെയും ശക്തിയെയും ഇത് പ്രതികൂലമായി ബാധിക്കും. ശരീരത്തിന്‍റെ ആകെ ബലം നഷ്ടപ്പെട്ടതായി തോന്നുകയും ക്ഷീണത്തിലാവുകയും ചെയ്യും. 

ഉറക്കം ശക്തിപ്പെടുത്തല്‍ തന്നെയാണ് ഇതിനുള്ള പ്രധാന പ്രതിരോധം. കൃത്യമായും ആറോ ഏഴോ മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ഉറപ്പുവരുത്തണം. ഹോര്‍മോണല്‍ വ്യതിയാനത്തെ ചെറുക്കാൻ പ്രത്യേക ഡയറ്റും പിന്തുടരാവുന്നതാണ്. മറ്റ് കാരണങ്ങളില്ലാതെയും ഉറക്കക്കുറവുണ്ടായേക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുക തന്നെ വേണം.

click me!