മദ്യം പെട്ടെന്നുള്ള മരണത്തിന് കാരണമാകുമോ? സ്ത്രീയുടെയും മരുമകന്റെയും മരണത്തില്‍ ദുരൂഹത

By Web TeamFirst Published Jan 23, 2019, 11:47 AM IST
Highlights

നാല്‍പത്തിയഞ്ചുകാരിയായ സ്ത്രീ, എവിടെ നിന്നോ ലഭിച്ച മദ്യക്കുപ്പിയുമായി വീട്ടിലെത്തിയ ശേഷം മരുമകനെയും കൂട്ടി മദ്യപിക്കുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ മദ്യപിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുമോയെന്ന ചോദ്യമാണ് ഈ പശ്ചാത്തലത്തിൽ ഉയരുന്നത്

കോര്‍ബ: ഛത്തീസ്ഗഢിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന മദ്ധ്യവയസ്‌കയായ സ്ത്രീയുടെയും ഇവരുടെ മരുമകന്റെയും മൃതദേഹം വീട്ടിനകത്ത് വച്ച് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. മരണകാരണമായി പൊലീസ് പ്രാഥമികമായി വിലയിരുത്തിയത് മദ്യപാനമാണ്. 

നാല്‍പത്തിയഞ്ചുകാരിയായ ജംബായ് കവാര്‍, എവിടെ നിന്നോ ലഭിച്ച മദ്യക്കുപ്പിയുമായി വീട്ടിലെത്തിയ ശേഷം മരുമകനെയും കൂട്ടി മദ്യപിക്കുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇതുവരെയും ഇവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല.  

മദ്യപിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുമോയെന്നും അങ്ങനെയാണെങ്കില്‍ തന്നെ അത് രണ്ട് പേരുടെ മരണത്തിന് ഒരുപോലെ കാരണമാകുന്നതെങ്ങനെയെന്നുമാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍. 

മദ്യപാനം പെടുന്നനെയുള്ള മരണം ക്ഷണിച്ചുവരുത്തുമോ?

സാധാരണഗതിയില്‍ മദ്യപാനം പെടുന്നനെയുള്ള മരണത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യനില എങ്ങനെയിരിക്കുന്നു എന്നതിനെ അപേക്ഷിച്ചായിരിക്കും ഈ സാധ്യത പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

ഉദാഹരണത്തിന് ഹൃദയസംബന്ധമായ അസുഖമുള്ള ഒരാളെ ഒരുപക്ഷേ മദ്യപാനം പെട്ടെന്ന് ബാധിച്ചേക്കാം. മാനസികമോ ശാരീരികമോ ആയ വ്യതിയാനങ്ങളെ തുടര്‍ന്ന് ഹൃദയസ്തംഭനം വരെ സംഭവിച്ചേക്കാം. എന്നാല്‍ ഇത് വളരെ വിദൂരമായ സാധ്യതയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അതുപോലെ തന്നെ അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും മരണത്തിലേക്ക് നയിച്ചേക്കാം. ഇതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കാന്‍ സാധ്യതകളില്ല. 

മറ്റൊരു സാധ്യതയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്, പെടുന്നനെയുള്ള എന്തെങ്കിലും ശാരീരിക വിഷമതകള്‍ വരികയും എന്നാല്‍ മദ്യലഹരിയില്‍ ആയിരിക്കുന്നതിനാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കെല്‍പില്ലാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യേണ്ടിവരുന്ന സാഹചര്യമാണ്. ഇത് വീഴ്ചയോ, മുറിവോ പൊള്ളലോ പറ്റുന്നതോ, ശരീരത്തിന്റെ അകത്തുനിന്നുള്ള ശ്വാസതടസം പോലുള്ള വിഷമതകളോ ഒക്കെയാകാം. 

ഛത്തീസ്ഗഢിലെ സ്ത്രീയുടെയും മരുമകന്റെയും മരണത്തില്‍ മദ്യത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു. 

click me!