താരന്‍ മാറ്റാന്‍ ചില എളുപ്പവഴികള്‍

By Web TeamFirst Published Dec 22, 2018, 11:37 AM IST
Highlights

താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. 

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെ വിപണിയിലുണ്ട്. എന്നാല്‍ ശാശ്വത പരിഹാരം എവിടെനിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇവിടെയിതാ, താരനകറ്റാനുളള ചില മാര്‍ഗങ്ങള്‍ നോക്കാം. 

കറ്റാര്‍വാഴ

വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേച്ച് പിടിപ്പിക്കുക, ശേഷം കഴുകി കളയുക. 

നെല്ലിക്ക

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം ആക്കുക. ഇത് തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. 

നാരങ്ങ

 തലയില്‍ പുരട്ടാന്‍ ആവശ്യമായ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച്  കഴുകിക്കളയാം.

ഒലീവ് ഓയില്‍

അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും. അതുപോലെ തന്നെ, വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക.  ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.  

മുട്ട

മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.  അരമണിക്കൂറിനു ശേഷം ഇത് കഴുകികളയുക. 

വേപ്പ്

അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

click me!