സെല്‍ഫിയെടുക്കല്‍ പതിവാണോ? എങ്കിലറിയാം ഈ അപകടത്തെ പറ്റി...

By Web TeamFirst Published Dec 30, 2018, 4:22 PM IST
Highlights

സെല്‍ഫിയെടുക്കുന്ന തിരക്കില്‍ ശ്രദ്ധ മാറിപ്പോയതിനെ തുടര്‍ന്ന് അനവധി അപകടങ്ങളും, അപകടമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം ശാരീരിക പ്രശ്‌നങ്ങള്‍ക്കും സെല്‍ഫി വഴിവച്ചേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്

ഇപ്പോള്‍ എവിടെയും സെല്‍ഫിമയമാണ്. പാര്‍ക്കിലും ഹോട്ടലിലും ബീച്ചിലും ബസ്സിലും എന്നുവേണ്ട ക്ലാസ്‌റൂമുകളില്‍ വരെ സെല്‍ഫിമേളമാണ്. സെല്‍ഫിയുടെ പല തരത്തിലുള്ള ദോഷഫലങ്ങളെ കുറിച്ച് ഇതിനോടകം വിവിധ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നും കഴിഞ്ഞു. 

എന്നാല്‍ സെല്‍ഫിയുടെ അപകടകരമായ ഒരു വശത്തെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും. ഒരു ഐറിഷ് പ്രസിദ്ധീകരണത്തിലാണ് ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നതെന്ന് 'ഫോക്‌സ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെല്‍ഫിയെടുക്കല്‍ 'വീക്ക്‌നെസ്' ആയവര്‍ക്ക് 'സെല്‍ഫി റിസ്റ്റ്' എന്ന പ്രത്യേകതരം അസുഖം പിടിപെടുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ കൈത്തണ്ടയെ ബാധിക്കുന്ന അസുഖമാണ് 'സെല്‍ഫി റിസ്റ്റ്.' 

മൊബൈള്‍ ഫോണ്‍ ഏറെ നേരം പ്രത്യേകരീതിയില്‍ പിടിക്കുന്നതാണ് അസുഖത്തിനിടയാക്കുന്നതത്രേ. തരിപ്പും ശക്തമായ വേദനയുമാണ് ഇതിന്റെ ലക്ഷണം. തുടര്‍ന്ന് മറ്റ് ജോലികളൊന്നും കൈ കൊണ്ട് ചെയ്യാനാവാത്ത വിധത്തില്‍ വേദന കൊണ്ട് അവശമാകാന്‍ പോലും സാധ്യതയുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. 

സെല്‍ഫിയെടുക്കുന്ന തിരക്കില്‍ ശ്രദ്ധ മാറിപ്പോയതിനെ തുടര്‍ന്ന് അനവധി അപകടങ്ങളും, അപകടമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം ശാരീരിക പ്രശ്‌നങ്ങള്‍ക്കും സെല്‍ഫി വഴിവച്ചേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. 

2011 ഒക്ടോബര്‍ മുതല്‍ 2017 നവംബര്‍ വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആകെ 259 മരണമാണ് സെല്‍ഫിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ളതെന്ന് ഒരു പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ യുഎസ്, ഇന്ത്യ, റഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണത്രേ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 

click me!