അസംതൃപ്തമായ ലൈംഗിക ജീവിതമോ? കാരണങ്ങളിവയാകാം...

By Web TeamFirst Published Oct 16, 2018, 2:53 PM IST
Highlights

കിടപ്പുമുറിയില്‍ പാലിക്കേണ്ട ചില ശീലങ്ങള്‍ പാലിക്കാതാകുമ്പോഴും പങ്കാളിയുമായി വഴക്കിടേണ്ടി വന്നേക്കാം. രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ വ്യക്തിപരമായി ഒരാള്‍ക്കുള്ള താല്‍പര്യങ്ങളും ചിട്ടകളും അടുത്തയാള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്

പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള പ്രശ്‍നങ്ങള്‍ ആരംഭിക്കുന്നത് പോലും കിടപ്പുമുറിയിലെ അസ്വാരസ്യങ്ങളിലാണ്. എന്നാല്‍ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും പരാതികളും തുറന്നുപറയാന്‍ മിക്കവരും തയ്യാറാകാറില്ല. ഇത്തരം കാര്യങ്ങള്‍ പരസ്‍പരം ചര്‍ച്ച ചെയ്യാതെ മനസ്സിലാക്കണമെന്നാണ് പലരും
വിശ്വസിക്കുന്നത്.  തുറന്ന ചര്‍ച്ചകളോ പങ്കുവയ്ക്കലുകളോ ഇല്ലാതെ ഇത്തരത്തില്‍ അടഞ്ഞിരിക്കുന്നത് പ്രശ്നങ്ങള്‍ വലുതാകാനോ പെരുകാനോ മാത്രമേ സഹായിക്കൂ. 

പങ്കാളിയുടെ ഏത് തരത്തിലുള്ള സ്വഭാവമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് സ്നേഹപൂര്‍വ്വം തുറന്നുപറയാവുന്നതേയുള്ളൂ. അത്തരത്തിലുള്ള ചില സാഹചര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്...

ഒന്ന്...

ഓഫീസില്‍ ചെയ്യാനുള്ള ജോലിയുടെ ബാക്കി വീട്ടിലേക്ക് കൊണ്ടുവരുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ഇത് കുടുംബജീവിതത്തിന്‍റെ സന്തോഷത്തെ കാര്യമായ രീതിയില്‍ ബാധിച്ചേക്കും. കിടപ്പുമുറിയിലിരുന്ന് ലാപ്‍ടോപ്പിലോ കംപ്യൂട്ടറിലോ കുത്തിയിരുന്ന് ജോലി ചെയ്യുന്നത് പലപ്പോഴും പങ്കാളികളില്‍ മടുപ്പുണ്ടാക്കും. 

രണ്ട്...

കുടുംബജീവിതത്തെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചുമെല്ലാം ദമ്പതികള്‍ ഒരുപക്ഷേ, ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് കിടപ്പുമുറിയില്‍ വച്ചായിരിക്കും. എന്നാല്‍ ഇതത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്‍ധര്‍ നിര്‍ദേശിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളോ, മറ്റെന്തെങ്കിലും പരാതികളോ വിമര്‍ശനങ്ങളോ ഒക്കെ
കിടപ്പുമുറിയില്‍ വച്ച് സംസാരിക്കുന്നതോടെ പരസ്‍പരം അല്‍പനേരത്തേക്കെങ്കിലും ദേഷ്യമോ അകല്‍ച്ചയോ തോന്നിയേക്കാം. ഇത് ലൈംഗിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.

മൂന്ന്...

കിടപ്പുമുറിയില്‍ പാലിക്കേണ്ട ചില ശീലങ്ങള്‍ പാലിക്കാതാകുമ്പോഴും പങ്കാളിയുമായി വഴക്കിടേണ്ടി വന്നേക്കാം. രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ വ്യക്തിപരമായി ഒരാള്‍ക്കുള്ള താല്‍പര്യങ്ങളും ചിട്ടകളും അടുത്തയാള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. പരസ്‍പരമുള്ള ഈ ബഹുമാനവും പരിഗണനയും  ലൈംഗിക
ജീവിതത്തെയും നല്ല രീതിയില്‍ സ്വാധീനിക്കും.

കിടപ്പുമുറിയില്‍ വച്ച് ഭക്ഷണം കഴിക്കുക, വളര്‍ത്തുമൃഗങ്ങളെ പരിലാളിക്കുക, പങ്കാളിക്ക് ഇഷ്ടമല്ലാത്ത പാട്ടോ സിനിമയോ ടെലിവിഷന്‍ പരിപാടികളോ ഉറക്കെ വയ്ക്കുക- തുടങ്ങിയ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും ലൈംഗിക ജീവിതത്തെ ബാധിച്ചേക്കാം. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ പങ്കാളിയുടെ
താല്‍പര്യം എപ്പോഴും കരുതാന്‍ ശ്രമിക്കുക. ഒപ്പം സ്വന്തം താല്‍പര്യങ്ങള്‍ സ്‍നേഹപൂര്‍വ്വം പങ്കുവയ്ക്കുകയുമാകാം. 

നാല്...

മൊബൈല്‍ ഫോണ്‍- സോഷ്യല്‍ മീഡിയ- ഇന്‍റര്‍നെറ്റ് ഉപയോഗം- എന്നിവയാണ് ലൈംഗിക ജീവിതം തകര്‍ക്കുന്ന മറ്റ് വില്ലന്മാര്‍. പലപ്പോഴു പരസ്‍പരം സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ കണ്ടെത്തുന്ന സമയത്തെക്കാളും ഒറ്റയ്ക്ക് മൊബൈല്‍ ഫോണുകളുമായോ  ഇന്‍റര്‍നെറ്റുമായോ ആളുകള്‍ ചെലവഴിക്കുന്നുണ്ട്.  

ഫോണ്‍ സംസാരം, ചാറ്റിംഗ്, നെറ്റ് സര്‍ഫിംഗ്, സോഷ്യല്‍ മീഡിയ, ഗെയിമിംഗ്- എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. എന്നാല്‍ ഇതിനെല്ലാം സമയം അല്‍പം പരിമിതപ്പെടുത്തുന്നതാണ് സന്തോഷകരമായ ലൈംഗിക ജീവിതത്തിന് നല്ലത്. അല്ലാത്ത പക്ഷം പങ്കാളിയുമായി വലിയ അകല്‍ച്ചയ്ക്ക് 
വരെ ഇത് കാരണമായേക്കും. 

അഞ്ച്...

ഭക്ഷണശീലവും വൃത്തിയുമാണ് ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് കാര്യങ്ങള്‍. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും, അമിതമായി മദ്യപിക്കുന്നതും, കൂടുതല്‍ സ്‍പൈസിയായ ഭക്ഷണം കഴിക്കുന്നതുമെല്ലാം ലൈംഗിക അസംതൃപ്‍തികള്‍ക്ക് ഇടയാക്കിയേക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് മയങ്ങാൻ
കാരണമാകും. അമിതമായി മദ്യപിക്കുന്നത് മയങ്ങാനോ ബഹളമുണ്ടാക്കാനോ ഇടയാക്കും. സ്‍പൈസിയായ ഭക്ഷണം അമിതമായി കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചിലിനും വയറ് സംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമാകും. 

വൃത്തിയില്ലായ്‍മയും ലൈംഗിക ജീവിതത്തിലെ ഒരു പ്രധാന പ്രശ്‍നമാണ്.പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാൻ പോലും ദമ്പതികള്‍ക്ക് കഴിയാറില്ല. എന്നാല്‍ ഇക്കാര്യവും സ്‍നേഹപൂര്‍വ്വം അവരെ ധരിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ക്രമേണ ഇത് വലിയ വിരക്തിയിലേക്കെത്തിക്കും. ഇത്തരം
ശാരീരികമായ വിഷയങ്ങള്‍ക്ക് ലൈംഗിക ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.  പങ്കാളിയുടെ ഇത്തരം താല്‍പര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ലൈംഗിക ജീവിതത്തിന് ജീവന്‍ പകരാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
 

click me!