
ഹിജാബ് അണിഞ്ഞ് വാളെടുത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ മുസ്ലീം വനിതാ കായികതാരത്തിന് പാവയിലുടെ പുനരാവിഷ്ക്കാരം. അമേരിക്കൻ വാൾപയറ്റ് താരം ഇബ്തിഹാജ് മുഹമ്മദിന്‍റെ ഹിജാബ് അണിഞ്ഞ രൂപമാണ് മാറ്റൽ കമ്പനി കുഞ്ഞുപാവയായി എത്തിക്കുന്നത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിലാണ് 31കാരിയായ ഇബ്തിഹാജ് ഹിജാബ് അണിഞ്ഞ് പോരാട്ടത്തിനിറങ്ങി ശ്രദ്ധപിടിച്ചുപറ്റിയത്.
കായികതാരം തന്നെയാണ് കഴിഞ്ഞ ദിവസം പാവ പ്രകാശനം ചെയ്തതും. പാവ രൂപകൽപ്പന ചെയ്യാനുള്ള ശ്രമത്തിൽ ഇബ്തിഹാജ് കമ്പനിയുമായി പൂർണമായും സഹകരിച്ചുപ്രവർത്തിച്ചു. താരത്തിന്‍റെ രൂപഭംഗിയിൽ തന്നെ പാവ രൂപപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമത്തിനൊപ്പം അവർ നിൽക്കുകയായിരുന്നു. താൻ ഫെൻസിങ് യൂണിഫോമിൽ നിൽക്കുന്നതിന്റെ പാവ രൂപം കാണാനായത് ഏറെ ആഹ്ലാദകരമാണെന്ന് ഇബ്തിഹാജ് തന്നെ ട്വിറ്ററിൽ കുറിച്ചു.
വാളും ഫെൻസിങ് മാസ്കും ധരിച്ച് നിൽക്കുന്ന രൂപം താൻ ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം കുറിച്ചു. മാറ്റൽ കമ്പനിയുടെ പാവ കുടുംബത്തിലെ പുതിയ അംഗമായി തന്നെ ഉൾപ്പെടുത്തിയതിനെ അഭിമാനമായി കാണുന്ന ഇബ്തിഹാജ് നന്ദിയും പ്രകാശിപ്പിച്ചു. തന്റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞതെന്നും ട്വിറ്ററിൽ താരം പറയുന്നു.
ബാർബി പാവകളുടെ ഷെറോ ഇനത്തിലാണ് ഇബ്തിഹാജിന്റെ പാവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ മോഡൽ ആയ ആഷ്ലി ഗ്രഹാം, അമേരിക്കൻ നടിമാരായ സെൻഡേയ, ക്രിസ്റ്റിൻ കെനോവത് തുടങ്ങിയവർ കൂടി ഷെറോ പാവകളുടെ ശ്രേണിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam