ഈ ഗ്രാമത്തില്‍ 40 വര്‍ഷത്തിന് ശേഷം ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നു!

By Web DeskFirst Published Feb 26, 2017, 11:42 AM IST
Highlights

ഇന്ത്യയിലെ ഒരു ഗ്രാമത്തെകുറിച്ചാണ് പറയുന്നത്. ഈ ഗ്രാമത്തിന് ഒരു സവിശേഷതയുണ്ട്. ഇവിടെനിന്ന് ഒരു പെണ്‍കുട്ടി വിവാഹിതയായിട്ട് 40 വര്‍ഷം കഴിഞ്ഞു. ഇപ്പോഴിതാ, 40 വര്‍ഷത്തിനുശേഷം മറ്റൊരു പെണ്‍കുട്ടി വിവാഹിതയാകാന്‍ പോകുന്നു. മധ്യപ്രദേശിലെ ഗുമാര എന്ന ഗ്രാമത്തിലാണ് 40 വര്‍ഷത്തിനുശേഷം ഇവിടെ പിറന്ന ഒരു പെണ്‍കുട്ടി വിവാഹിതയാകാന്‍ പോകുന്നത്. ആര്‍തി ഗുജാര്‍ എന്ന പതിനെട്ടുകാരിയാണ് അടുത്ത മാസം വിവാഹിതയാകാന്‍ പോകുന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ആര്‍തിയുടെ വിവാഹം സ്‌കൂള്‍ പരീക്ഷ കാരണമാണ് മാര്‍ച്ചിലേക്ക് മാറ്റിയത്. പെണ്‍കുഞ്ഞുങ്ങളോടും സ്‌ത്രീകളോടും മുഖംതിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് ഗുമാര എന്ന ഗ്രാമത്തില്‍ ഒറ്റ പെണ്‍കുട്ടിപോലും കഴിഞ്ഞ 40 വര്‍ഷമായി വിവാഹിതരാകാതിരുന്നത്. എന്താണ് അതിന്റെ കാരണമെന്ന് നമുക്ക് നോക്കാം...

ഏറ്റവുമധികം പെണ്‍ ഭ്രൂണഹത്യയും നവജാത പെണ്‍ശിശു കൊലപാതകവും നടക്കുന്ന നാടുകളിലൊന്നാണ് ഗുമാര. 2003ലാണ് ഈ വിഷയം മാധ്യമങ്ങള്‍ വഴി പുറംലോകം അറിയുന്നത്. അതിനുശേഷമാണ് ഗുമാറയില്‍ അധികൃതര്‍ ഇടപെടുകയും പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. കൂടാതെ ശക്തമായ ബോധവല്‍ക്കരണവും ഗ്രാമീണര്‍ക്കിടയില്‍ നടത്തി. അതുകൊണ്ടുതന്നെയാണ് ഈ ഗ്രാമത്തിന് 40 വര്‍ഷത്തിനുശേഷം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനാകുന്നത്. 1995ല്‍ ഗുമാരയിലെ പുരുഷ-സ്‌ത്രീ അനുപാതം 10:0 ആയിരുന്നുവെങ്കില്‍ 2001ല്‍ അത് 10:2 ആയിരുന്നു. എന്നാല്‍ അധികൃതര്‍ ശക്തമായി ഇടപെട്ടതോടെ 2011ല്‍ പുരുഷ-സ്‌ത്രീ അനുപാതം 10:7 ആയി ഉയര്‍ന്നു. സാമൂഹികക്രമത്തിലുണ്ടായ മാറ്റമാണ് 40 വര്‍ഷത്തിനുശേഷം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം നടക്കാനുള്ള കാരണം.

click me!