
ബ്രസീല്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാജ്യങ്ങളെ വിറപ്പിച്ച സിക വൈറസ് ഇതാദ്യമായി ഇന്ത്യയില്‍. ഇന്ത്യയില്‍ മൂന്നു പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇന്ത്യയില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. അഹമ്മദാബാദിലെ ബാപ്പുനഗര്‍ മേഖലയിലാണ് രോഗം സ്ഥിരീകരിച്ച മൂന്നുപേരും താമസിക്കുന്നത്. സിക വൈറസ് സ്ഥിരീകരിച്ച കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ബി ജെ മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സിക വൈറസ് പരിശോധിക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് രോഗം ഉണ്ടെന്ന സംശയം ബലപ്പെട്ടത്. പിന്നീട് പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വിശദ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പരിശോധനാഫലം ലോകാരോഗ്യസംഘടനയിലെ വിദഗ്ദ്ധരെക്കൊണ്ട് വിലയിരുത്തുകയും ചെയ്തു. സിക വൈറസ് സ്ഥിരീകരിച്ചതോടെ, അഹമ്മദാബാദില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോധവല്‍ക്കരണവും തുടങ്ങിക്കഴിഞ്ഞു. കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ദ്ധസംഘം ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam