ശരീരം നന്നാക്കാന്‍ കഴിച്ച മരുന്നുകള്‍ ചതിച്ചു; വൃക്ക നഷ്ടപ്പെട്ട് മുന്‍ മിസ് ഇന്റര്‍നാഷണല്‍

By Web TeamFirst Published Dec 24, 2018, 5:14 PM IST
Highlights

ഇപ്പോള്‍ കാനഡയില്‍ ചികിത്സയിലാണ് റോസ്. കുടുംബവും കൂടെയുണ്ട്. ഇനിയൊരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മാത്രമേ തന്റെ ജീവന്‍ രക്ഷിക്കാനാവൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റോസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു

ടൊറന്റോ: ജിമ്മില്‍ പോയി ശരീരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'സപ്ലിമെന്റുകള്‍' കഴിച്ചതിനെ തുടര്‍ന്ന് വൃക്ക തകരാറിലായി മുന്‍ മിസ് ഇന്റര്‍നാഷണല്‍. 2013ലാണ് ഫിലിപ്പീന്‍കാരിയായ ബീ റോസ് സാന്റിയാഗോ മിസ് ഇന്റര്‍നാഷണലായി തെരഞ്ഞെടുക്കപ്പെട്ടത്. 

അന്ന് റോസിന് 22 വയസ്സാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കും സൗന്ദര്യവും നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന സമയമാണ്. സിനിമാമേഖലയിലും മോഡലിംഗ് രംഗത്തും തുടരാന്‍ ശരീരം സൂക്ഷിക്കണമെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് തിരിഞ്ഞത്. ഇതിന് പുറമെയാണ് ചില 'സപ്ലിമെന്റുകള്‍' കഴിക്കാനും തുടങ്ങിയത്. 

തുടര്‍ന്ന് പല ഘട്ടങ്ങളിലുമായി പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം വൃക്കയ്ക്കാണ് തകരാറെന്ന് കണ്ടെത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. അല്‍പം ഗുരുതരമായ പ്രശ്‌നമായതിനാല്‍ വിദഗ്ധമായ പരിശോധനകള്‍ക്കായി ജപ്പാനിലെ ടോക്കിയോവിലേക്ക് തിരിച്ചു. അവിടെ വച്ച് രോഗം സ്ഥിരീകരിച്ചു. 

ഇപ്പോള്‍ കാനഡയില്‍ ചികിത്സയിലാണ് റോസ്. കുടുംബവും കൂടെയുണ്ട്. ഇനിയൊരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മാത്രമേ തന്റെ ജീവന്‍ രക്ഷിക്കാനാവൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റോസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതിനായി യോജിച്ച ഒരു ദാതാവിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ ആഴ്ചയില്‍ നാല് തവണ ഡയാലിസിസ് നടത്തിയാണ് റോസിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 

ഇതിനിടെ ഒരു ടിവി ഷോയ്ക്കിടെയാണ് താന്‍ ശരീരം മെച്ചപ്പെടുത്താന്‍ കഴിച്ച മരുന്നുകളാണ് തനിക്ക് വിനയായതെന്ന് വെളിപ്പെടുത്തിയത്. ഉയര്‍ന്ന തോതില്‍ ക്രിയാറ്റിന്‍ അടങ്ങിയ പൗഡറുകള്‍ വൃക്കയെ തകരാറിലാക്കുകയായിരുന്നുവെന്നാണ് റോസ് പറഞ്ഞത്. 

കാര്യങ്ങളിങ്ങനെയെല്ലാം ആണെങ്കിലും രോഗത്തെ പറ്റിയും തുടര്‍ചികിത്സയെ പറ്റിയുമെല്ലാം വളരെയധികം ശുഭാപ്തിവിശ്വാസമാണ് റോസിനുള്ളത്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അത്, അവര്‍ക്കൊരു മാതൃകയാകാനാണെന്നാണ് റോസ് പറയുന്നത്. 

click me!