
സമീപകാലത്ത് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇത്രമാത്രം ആഘോഷിച്ച പ്രണയവും വിവാഹവും വേറെയുണ്ടാകില്ല. ഗോസിപ്പുകളിലൂടെ നാമ്പിട്ട് സൗഹൃദകാഴ്ചകളിലൂടെ പൂവിട്ട ആ പ്രണയത്തിന് ശുഭപര്യവസാനമാണ് ആരാധകലക്ഷങ്ങൾ ഒരേ മനസോടെ കാത്തിരുന്നത്. അതാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ പൂവണിഞ്ഞത്.
കളിക്കളത്തിൽ തികഞ്ഞ പോരാളിയും ഒറ്റക്ക് നിന്ന് പടനയിക്കാൻ കെൽപ്പുള്ള നായകനുമാണ് വിരാട് കോലി. ആ കളിയഴകിൽ വീണുപോയി ആരാധകരായവർക്ക് അയാളുടെ പ്രണയവും ഇഷ്ട വിഷയമായി.
2013ൽ ഷാമ്പൂ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നാലെ കോലി ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായി വളർന്നു. അനുഷ്ക ബോളിവുഡിൽ സ്വന്തം ചുവടുകളുമുറപ്പിച്ചു. അവിടംമുതൽ തളിരിട്ട ബന്ധം ആദ്യമൊക്കെ മറച്ചുവെച്ചാണ് ഇരുവരും മുന്നോട്ടുപോയത്. വൈകാതെ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ശ്രദ്ധ ഇരുവരിലേക്കും പതിഞ്ഞു. 2014ൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ താരം നേരെ പോയത് അനുഷ്കയുടെ വീട്ടിലേക്കായിരുന്നു. അതെ വർഷം തന്നെ ന്യുസിലാൻറ് പര്യടന വേളയിൽ അനുഷ്കയും അവിടെയെത്തി.
2014 -15ൽ അനുഷ്ക ആസ്ട്രേലിയയിലെ ചില മൽസരങ്ങൾക്കും സാന്നിധ്യമായി. മെൽബണിലെ ടെസ്റ്റ് സെഞ്ച്വറിയിൽ അനുഷ്കയുടെ സാന്നിധ്യത്തെ വാഴ്ത്തിയ കോലി അവൾക്ക് നേരെ ഗ്രൗണ്ടിൽ നിന്ന് സ്നേഹ ചുംബനങ്ങളെറിഞ്ഞു. ആസ്ട്രേലിയയിൽ ഇന്ത്യൻ ഹൈക്കമീഷൻ സംഘടിപ്പിച്ച ചടങ്ങിലെ അനുഷ്കയുടെ സാന്നിധ്യവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. 2014ലെ ഇന്ത്യ -ശ്രീലങ്ക മൽസരത്തിനിടയിലും വിരാട് പ്രണയ ജോടിക്ക് നേരെ ചുംബനങ്ങളെറിഞ്ഞു.
കോലി എഫ്.സി ഗോവയുടെ സഹഉടമയായി പങ്കാളിയായ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലും ഇരുവരുടെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഇരുവരും ഒന്നിച്ച് ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തു. യുവരാജ് സിങിന്റെയും സമീപകാലത്ത് സഹീർഖാനും സാഗരിക ഘട്കെയുടെയും വിവാഹ ചടങ്ങുകളിൽ വരെ പ്രണയ ജോഡികൾ പങ്കാളികളാവുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam