
കഴിഞ്ഞ ദിവസം രാത്രി രാജസ്ഥാനിലെ ജോധ്‌പുരില്‍ ഒരു സംഭവമുണ്ടായി. കിഴുക്കാംതൂക്കായ ഒരു കുന്നിന്റെ ചരുവില്‍നിന്ന് അതിന് താഴെയുള്ള തടാകത്തിലേക്ക് ഒരു കൗമാരക്കാരി ചാടി. ഇതുകണ്ടുനിന്ന സമീപത്തുള്ളവര്‍ പെട്ടെന്ന് പെണ്‍കുട്ടിയെ രക്ഷിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലാക്കി. എന്തിനാണ് തടാകത്തിലേക്ക് ചാടിയതെന്ന പൊലീസുകാരുടെ ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി കേട്ടുനിന്നവരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. താന്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിക്കുകയാണെന്നും, ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തന്റെ അമ്മ മരിക്കേണ്ടിവരുമെന്നുമാണ് അവള്‍ പൊലീസുകാരോട് പറഞ്ഞു.
കടയില്‍ പോകുന്നെന്ന് പറഞ്ഞാണ് പെണ്‍കുട്ടി സ്‌കൂട്ടറില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ബി എസ് എഫ് ജവാന്റെ മകളാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായി തടാകത്തിലേക്ക് ചാടുന്ന ടാസ്‌ക്ക് ഏറ്റെടുത്തത്. അങ്ങനെ ജോധ്പുരിലെ കല്യാണ തടാകത്തിന്റെ ഒരു ഭാഗത്തേക്കുള്ള കുന്നിലേക്ക് കയറിപ്പോയി. പെണ്‍കുട്ടി തടാകത്തില്‍ ചാടാനുള്ള ശ്രമമാണെന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് മനസിലായി. അവര്‍ വിലക്കിയെങ്കിലും കുന്നിന്‍മുകളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടി കാഴ‌്‌ചക്കാര്‍ നോക്കിനില്‍ക്കെ തടാകത്തിലേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ഡൈവിങ് പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങള്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിലാണ് ബ്ലൂ വെയില്‍ ഗെയിമിന്റെ ഭാഗമായാണ് ഇത് ചെയ്‌തതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ കൈയില്‍ തിമിംഗലത്തിന്റെ രൂപം ബ്ലേഡ് കൊണ്ട് വരഞ്ഞിട്ടുണ്ടായിരുന്നു. ടാസ്‌ക്ക് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അമ്മ മരിക്കുമെന്ന്, അഡ്‌മിന്‍ ഭീഷണിപ്പെടുത്തിയതായും, അമ്മയെ രക്ഷിക്കുന്നതിനുവേണ്ടിയാണ് താടകത്തിലേക്ക് ചാടിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പിന്നീട് പെണ്‍കുട്ടിയെ സൈക്കോളജസ്റ്റിനെയും സൈക്യാട്രിസ്റ്റിനെയും കാണിച്ചശേഷം മാതാപിതാക്കള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam