
കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ അളവ് വ്യത്യാസം പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കടുത്ത രീതിയിൽ ബാധിക്കും എന്നതിനാൽ ക്യത്യമായ അളവിൽ മരുന്ന് നൽകാൻ ജാഗ്രതാ വേണം. ഒരു ടീസ്പൂൺ എന്നത് വീട്ടിലെ ഏതെങ്കിലും സ്പൂൺ അല്ല മറിച്ച് അഞ്ച് മി.ലിറ്റർ(5എംഎൽ) ആണ് എന്ന് ഒാർത്ത് വയ്ക്കണം. അടുക്കള സ്പൂണിൽ മരുന്ന് അളന്ന് നൽകിയാൽ ഒന്നുകിൽ ഡോസ് കൂടിപോകും അല്ലെങ്കിൽ കുറഞ്ഞു പോകും.
ഡ്രെെ പൗഡർ രൂപത്തിലും മരുന്നുകൾ കടകളിൽ ധാരാളം ഉണ്ട്. അങ്ങനെയുള്ള മരുന്നുകൾ ക്യത്യമായ അളവിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് മരുന്നുലായനി ആക്കേതുണ്ട്. ചിലപ്പോൾ മരുന്നുകളോടൊപ്പം തന്നെ അത് സിറപ്പാക്കാനുള്ള ശുദ്ധീകരിച്ച വെള്ളവും ഉണ്ടാകും. വെള്ളം നിറയ്ക്കും മുൻപ് മരുന്നുകുപ്പികളിലെ അടയാളങ്ങൾ ശ്രദ്ധിക്കണം. ചില കുട്ടികൾ എത്ര ശ്രമിച്ചാലും മരുന്ന് കുടിക്കാതെ തുപ്പിക്കളയാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഒാറൽ സിറിഞ്ചുകൾ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവിൽ ഇറ്റിച്ച് നൽകാം. പൊടികുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോഴും ഈ രീതിയാണ് നല്ലത്.
ഗുളിക നൽകുമ്പോൾ...
കുട്ടികൾക്ക് ഗുളിക നൽകുന്ന പ്രവണത കുറഞ്ഞു വരികയാണ്. മിക്കവാറും മരുന്നുകളെല്ലാം തന്നെ സിറപ്പു രൂപത്തിൽ ലഭിക്കും. എപ്പോഴെങ്കിലും ഗുളിക നൽകേണ്ടി വന്നാൽ കുട്ടി അത് കഴിച്ചുവെന്ന് ഉറപ്പ് വരുത്തണം. ചില കുട്ടികൾ കയ്പ്പു മൂലം തുപ്പിക്കളയാറാണ് പതിവ്. ഗുളിക വിഴുങ്ങാൻ പ്രയാസം ആണെങ്കിൽ കഞ്ഞിവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ലയിപ്പിച്ച് നൽകാം. ജ്യൂസ്, പാൽ തുടങ്ങിയ പാനീയങ്ങളിൽ മരുന്നു ലയിപ്പിച്ച് നൽകുന്നത് നല്ലതല്ല.
ആന്റിബയോട്ടിക് നൽകുമ്പോൾ...
മരുന്ന് നൽകിയശേഷം കുട്ടികൾ ഛർദിക്കുന്നത് അപൂർവമല്ല. മരുന്ന് നൽകി അരമണിക്കൂറിനുള്ളിൽ ഛർദിച്ചാൽ ഒരു തവണ കൂടി മരുന്ന് നൽകണം. ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ ഉപദേശപ്രകാരം അഞ്ച് ദിവസമോ ഏഴ് ദിവസമോ ചിലപ്പോൾ അതിലധികമോ നൽകേണ്ടി വരും. ഒന്നോ രണ്ടോ ദിവസം നൽകിയ ശേഷം ആന്റിബയോട്ടിക് ഒരിക്കലും നിർത്തിവയ്ക്കരുത്.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം...
1. മരുന്നുകൾക്കിടയിലെ ഇടവേള ക്യത്യമാകണം. ആന്റിബയോട്ടിക്കുകൾ ദിവസവും ഒരേ സമയത്ത് തന്നെ നൽകാൻ ശ്രദ്ധിക്കണം.
2. ഒരു കാരണവശാലും അടുക്കള സ്പൂണിൽ മരുന്ന് നൽകരുത്. ടീസ്പൂണും ടേബിൾ സ്പൂണും തമ്മിൽ വ്യത്യാസമുണ്ട്.
3. ഡോസ് അടയാളപ്പെടുത്തിയ കപ്പുകളിൽ തന്നെ മരുന്ന് അളന്ന് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
4. തീരെ ചെറിയ കുട്ടികൾക്ക് ഒാറൽ സിറിഞ്ചുകളാണ് നല്ലത്. മരുന്ന് ക്യത്യ ഡോസെടുത്ത് കുറശ്ശെ ആയി നാവിൽ ഇറ്റിച്ചു കൊടുക്കാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam