ഷാര്‍ജ ഭരണാധികാരിയെയും വിസ്‌മയിപ്പിച്ച ഹബീബിന്റെ വര വിസ്‌മയം

Web Desk |  
Published : Oct 17, 2017, 12:11 AM ISTUpdated : Oct 05, 2018, 03:40 AM IST
ഷാര്‍ജ ഭരണാധികാരിയെയും വിസ്‌മയിപ്പിച്ച ഹബീബിന്റെ വര വിസ്‌മയം

Synopsis

ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്കത് സ്വപ്നം കാണാന്‍ കഴിയണം. സ്വന്തം ജീവിതാനുഭവമായിരുന്നു ഇങ്ങനെ പറയാന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ പ്രേരിപ്പിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാനുമുണ്ട് അത്തരത്തില്‍ വലിയൊരു സ്വപ്നം...

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ക്കു തന്നെ വരകളുടെയും വര്‍ണ്ണങ്ങളുടെയും ലോകത്ത് വിരാജിക്കുന്ന ഒരു കലാകാരന് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം ഏതെന്ന് ചോദിച്ചാല്‍ തന്റെ കലാസൃഷ്ടിയെ മറ്റുള്ളവര്‍ അംഗീകരിക്കപ്പെടുന്ന നിമിഷം എന്ന് തന്നെ പറയാം... തന്റെ കലയെ അത്തരത്തില്‍ അംഗീകരിച്ചത് ഒരു രാജ്യത്തിന്റെ ഭരണാധികാരികൂടി ആണെങ്കില്‍ ആ സന്തോഷത്തിന് മാധുര്യമേറുക തന്നെ ചെയ്യും. ഷാര്‍ജ സുല്‍ത്താന്‍ ദൈവത്തിന്റെ സ്വന്തം നാട് കാണുവാനെത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ വളരെ ചുരുങ്ങിയ ദിവസം കൊണ്ട് അദ്ദേഹത്തിന് നേരിട്ട് നല്‍കണമെന്ന അത്യധികമായ ആഗ്രഹത്തോടെ പ്രത്യേക സാങ്കേതിക തികവോടെ ബ്‌ളാക്ക് & വൈറ്റ് ജല ഛായ ചിത്രം തയ്യാറാക്കിയത്.

പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങള്‍ കാരണം സുല്‍ത്താന് താന്‍ വരച്ച ചിത്രം നേരിട്ട് നല്‍കാനായില്ലങ്കിലും ക്‌ളിഫ് ഹൗസില്‍ മുഖ്യമന്ത്രി ഒരുക്കിയ ചായസല്‍ക്കാരത്തില്‍ ഹബീബിന്റെ ചിത്രം പ്രദര്‍ശനത്തിനു വെയ്ക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി. 36 'ഇഞ്ച് ഉയരവും 28 ' വീതിയുമുള്ള ജീവന്‍ തുടിക്കുന്ന തന്റെ ഛായാചിത്രം ഷാര്‍ജ ഭരണാധികാരി കണ്ടപ്പോള്‍ അതിന്റെ വലിപ്പം പോലും കണക്കാക്കാതെ അദ്ദേഹം കൊണ്ടുപോകാന്‍ തയ്യാറായി. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും അഭിമാനം തോന്നുന്ന അംഗീകരിക്കപ്പെടുന്ന നിമിഷങ്ങളില്‍ ഒന്നാണ്. അത്രത്തോളം മനോഹാരിതയില്‍ നിര്‍മ്മിച്ച ചിത്രം ആരു കണ്ടാലും സ്വന്തമാക്കുക തന്നെ ചെയ്യും.

നടന്‍, ആര്‍ട്ട് ഡയറക്ടര്‍, കാര്‍ട്ടൂണിസ്റ്റ്, അനിമേറ്റര്‍, ഡിസൈനര്‍, മോഡല്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അറിയപ്പെടുന്ന കലാകാരനാണ് ഹബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ചെറുപ്പക്കാരന്‍. ഇന്ത്യയിലും യു.എ.ഇയിലും ഉള്ള പ്രമുഖ സ്ഥാപനങ്ങളുടെ ഔദ്യോഗിക ഡിസൈനര്‍ കൂടിയാണ് ഇദ്ദേഹം.

ഫൈന്‍ ആര്‍ട്‌സില്‍ ബിരുദധാരിയായ ഇയാള്‍ കുട്ടിക്കാലം മുതല്‍ക്കു തന്നെ വരയില്‍ സജീവമാണ്. സിനിമാരംഗത്തെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങള്‍ക്കും സിനിമകള്‍ക്കും വേണ്ടി പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളമായി സ്റ്റോറിബോര്‍ഡ് രംഗത്തും സജീവമാണ്.

എഴുത്തുകാര്‍ക്ക് അക്ഷരങ്ങള്‍ അവരുടെ നാവാണെങ്കില്‍ ഒരു ചിത്രകാരന് വരകളും വര്‍ണ്ണങ്ങളുമാണ് അവന്റെ ജീവവായു. ഹബീബ് റഹ്മാന് വലിയൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക്... പൂര്‍ണ്ണതയിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. തന്റെ ലക്ഷ്യം കയ്യെത്തിപ്പിടിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരന്‍.

1982 മുതല്‍ യു.എ.ഇ യിലെ ഷാര്‍ജയില്‍ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോല്‍സമാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇയിലെ പരമാധികാര സഭാംഗവുമായ ഡോക്ടര്‍ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ നേതൃത്വത്തില്‍ 35 വര്‍ഷം പിന്നിട്ട പുസ്തകമേള ലോകത്ത് തന്നെ ശ്രദ്ധേയമായ സാംസ്‌കാരികോത്സവവും ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയുമാണ്. നവംബര്‍ ഒന്നിന് തുടക്കം കുറിച്ച് പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രസാധകര്‍ പങ്കെടുക്കുന്നതിനോടൊപ്പം 15 ലക്ഷം പുസ്തകങ്ങളാണ് വില്‍പ്പനക്കായി എത്തുന്നത്. ലോകപ്രശസ്ത ചരിത്രകാരനായ പീറ്റര്‍ ഫ്രാങ്കോപ്പിന്‍, സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ്, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ തുടങ്ങിയ ഇരുന്നോറോളം പ്രമുഖര്‍ പങ്കെടുക്കും.

നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ യു.എ.ഇ റോയല്‍ ഫാമിലിയുടെ പതിനഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ഹബി. ലോകം മൊത്തമുള്ള ആര്‍ട്ടിസ്റ്റുകള്‍ കളര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ താല്പര്യപ്പെടുമ്പോള്‍ ബ്‌ളാക്ക് & വൈറ്റില്‍ മോണോക്രോം ഛായാചിത്രങ്ങള്‍ ചെയ്ത് വേറിട്ടു നില്‍ക്കുന്നു പഴമയെ ഇഷ്ട്ടപ്പെടുന്ന ഈ കലാകാരന്‍.

നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളതും പുസ്തകങ്ങളുടെ രാജകുമാരനും ചിത്രകാരനുമായ ഷാര്‍ജ ഷെയിഖിന് ഛായാചിത്രം നല്‍കാനായത് തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ ചുവടുവെയ്പ്പുകളില്‍ ഒന്നാണ്.

യു.എ.ഇയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബുദാബി രാജാവുമായിരുന്ന ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ദുബായ് രാജ്യത്തിന്റെ പിതാവുമായിരുന്ന ഷെയിഖ് റാഷിദ് ബിന്‍ സഈദ് അല്‍ മഖ്തൂമിന്റെയും ഒന്നിച്ചുള്ള ജലഛായ ചിത്രമാണ് റോയല്‍ ഫാമിലിയില്‍ ഹബീബ് റഹ്മാന്റെ കരവിരുതില്‍ ആദ്യമായി രൂപം കൊണ്ടത്. 1971 ഡിസംബര്‍ 2 ന് അബുദാബി സുല്‍ത്താനും ദുബായ് സുല്‍ത്താനും ഏകീകരിച്ച് യു.എ.ഇ എന്ന കോണ്‍സപ്റ്റ് കൊണ്ടുവരുന്നത്.. ഇവരുടെ ഒന്നിച്ചുള്ള ചിത്രത്തിനും അത്രത്തോളം പ്രാധാന്യവുമുണ്ട്. റമളാന്‍ 19ന് ഷെയിഖ് സായിദിന്റെ ഡെത്ത് ആനിവേഴ്‌സറിക്ക് എക്‌സിബിറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയും പത്രവാര്‍ത്ത വരികയും ചെയ്തിരുന്നു. ചടങ്ങ് നടക്കാത്തതിനെ തുടര്‍ന്ന് ആ ആഗ്രഹം സഫലമായില്ല.
 
യു.എ.ഇ യുടെ തലസ്ഥാനമായ അബുദാബിയുടെ ഭരണാധികാരി ഷെയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഛായാചിത്രമാണ് രണ്ടാമത് വരച്ചത്. യുഎഇയിലെ ഏറ്റവും വലിയ രാജാവും ഭരണാധികാരിയുമാണ് അദ്ദേഹം. വേറിട്ടു നില്‍ക്കുന്ന ശക്തനായ ഭരണാധികാരിയും ദുബായ് രാജാവുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രവും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അജ്മാന്‍ ഭരണാധികാരി ഷെയിഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഎൈമി, ഫുജേറ ഭരണാധികാരി ഷെയിഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, റാസല്‍ഖൈമ ഭരണാധികാരി ഷെയിഖ് സൗദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി, ഉമ്മല്‍ ഖുവൈന്‍ ഭരണാധികാരി ഷെയിഖ് സൗദ് ബിന്‍ റാഷിദ് അല്‍ മൗല തുടങ്ങിയ ഏഴ് എമിറേറ്റ്‌സിലെ ഭരണാധികാരികളുടെ ജല ഛായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി.

റോയല്‍ ഫാമിലിയുടെ പതിനഞ്ചോളം ചിത്രങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച് തന്റെ ലക്ഷ്യത്തിനായി കാത്തിരിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാന്‍ എന്ന ഈ ചെറുപ്പക്കാരന്‍... ഒരു പക്ഷെ ഇത്തരത്തില്‍ റോയല്‍ ഫാമിലിയുടെ ബ്‌ളാക്ക് & വൈറ്റ് ജല ഛായ ചിത്രത്തിന്റെ എക്‌സിബിഷന്‍ ഹബീബ് റഹ്മാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിച്ചാല്‍ ഒരു മലയാളിയെ സംബന്ധിച്ച് ആദ്യ പ്രവര്‍ത്തനം എന്ന് വേണമെങ്കില്‍ പറയാം.. ആ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കാത്തിരിക്കുകയാണ് ഹബീബ് റഹ്മാന്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്