ദിവ്യയുടെ ജീവന്‍ രക്ഷിക്കാനുള്ള രക്തം ലഭിച്ചുകഴിഞ്ഞു; ഇനിയും ഷെയര്‍ ചെയ്യരുതേ!

By Web DeskFirst Published Oct 16, 2017, 7:35 PM IST
Highlights

കഴിഞ്ഞദിവസം രാത്രി 7.45നാണ് രക്തദാനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിക്ക് ഒ നെഗറ്റീവ് രക്തം വേണമെന്നായിരുന്നു ആ പോസ്റ്റ്. പൂര്‍ണഗര്‍ഭിണിയായിരിക്കെ മഞ്ഞപ്പിത്തം ബാധിച്ച ദിവ്യയുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു അത്. പത്തുദിവസം മുമ്പ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ദിവ്യ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുകയാണ്. ദിവ്യയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി 30 യൂണിറ്റിലേറെ രക്തമാണ് ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടത്. ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആയതിനാല്‍ ആവശ്യമായ രക്തം ലഭിക്കുമോയെന്ന ആശങ്കയായിരുന്നു പോസ്റ്റിട്ട ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന ഗ്രൂപ്പ് പ്രതിനിധികള്‍ക്ക്. എന്നാല്‍ എല്ലാവിധ ആശങ്കകളും അസ്ഥാനത്താക്കിക്കൊണ്ട സുമനസുകള്‍ ഇന്നുരാവിലെ മുതല്‍ ആശുപത്രിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കകം ആവശ്യമായ രക്തം ലഭിക്കുകയും ചെയ്തു. എന്നാല്‍ രക്തം ആവശ്യപ്പെട്ടുകൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റില്‍ നല്‍കിയ ഫോണ്‍ നമ്പരുകളിലേക്ക് ഇപ്പോഴും നിലയ്‌ക്കാതെ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഹര്‍ത്താല്‍ ദിന ആശങ്കകള്‍ എടുത്തുകാണിച്ചതുകൊണ്ട്, ഈ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടതാണ്, കൂടുതല്‍ ഫോണ്‍ വിളികള്‍ വരാന്‍ കാരണം. ഏതായാലും ആവശ്യമായതിലും അധികം രക്തം ലഭ്യമായതിനാല്‍, ആ പോസ്റ്റ് ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും, അതുസംബന്ധിച്ചുള്ള ഫോണ്‍ വിളി ഒഴിവാക്കണമെന്നുമാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ വക്താക്കള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഇതുവരെ ആയിരകണക്കിന് ആളുകളാണ് രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് വിളിച്ചത്.

click me!