
ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നീ പദങ്ങളെ ആളുകള്‍ തെറ്റായാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് പ്രഫസറും പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമായ ഡോ.എസ് അബ്ദുള്‍ ഖാദര്‍ പറയുന്നു. ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസവും കൂടി വരികയാണ്. രക്തധമനിയില്‍ രക്തക്കട്ട വന്ന് നൂറുശതമാനം ബ്ലോക്ക് ആയി രക്തം ഒഴുക്ക് പരിപൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം.
ഹൃദയാഘാതം കാരണം ബോധക്ഷയം സംഭവിക്കണമെന്നില്ല. എന്നാല്‍ ഹൃദയസ്തഭനം എന്നു പറയുന്നത് ഹൃദയാഘാതം മൂലം ഹൃദയം നൂറുശതമാനവും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ ശ്വാസോഛ്വാസം കുറവായിരിക്കും, പള്‍സും ബിപിയുമൊന്നും ഉണ്ടാകില്ല. ഹൃദയാഘാത സമയത്ത് ഇത്തരം പ്രശ്‌നങ്ങളില്ല.''ഹൃദയസ്തംഭനം എവിടെ വച്ചു നടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗിയുടെ രക്ഷാസാധ്യതയെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ മിക്ക ആശുപത്രികളിലും കോഡ് ബ്ലൂ എന്ന പദ്ധതിയുണ്ട്. സമീപങ്ങളില്‍ എവിടെയെങ്കിലും ഹൃദയസ്തംഭനുണ്ടായാല്‍ ആശുപത്രിയില്‍ ഒരു ബെല്‍ അടിക്കുന്ന സംവിധാനമാണിത്. ഇതോടെ തൊട്ടടുത്ത നിമിഷം തന്നെ രോഗിയെ പരിചരിക്കാന്‍ ആശുപത്രിയില്‍ സന്നദ്ധരായി നില്‍ക്കും. ഇത് രോഗിയുടെ രക്ഷാസാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ആശുപത്രി തൊട്ടടുത്തല്ലാത്ത അവസരങ്ങളില്‍ യാത്ര ചെയ്ത് വരുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ സിപിആര്‍ കൊടുത്തുകൊണ്ടിരുന്നാല്‍ മാത്രമേ മസ്തിഷ്‌കമരണം സംഭവിക്കാതിരിക്കുള്ളൂ.
മൂന്നു മിനിറ്റേ ബ്രെയിനിന് രക്തം ഇല്ലാതിരിക്കാന്‍ കഴിയൂ.''- അദ്ദേഹം പറയുന്നു. യാതൊരു ലക്ഷണങ്ങളുമില്ലാതെ പെട്ടെന്നു കുഴഞ്ഞു വീണു മരിക്കുന്നതിനെ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്നു പറയാം. പ്രായമായവരില്‍ പ്രമേഹവും പ്രഷറുമൊക്കെ വന്ന് നെഞ്ചുവേദനയില്ലാതെ ഹാര്‍ട്ട് അറ്റാക്ക് വരാമെന്നും ഡോ.എസ് അബ്ദുള്‍ ഖാദര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam