രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ച ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published Jan 18, 2019, 11:54 AM IST
Highlights

ഒരു ക്യാമ്പിനിടെ രക്തം ദാനം ചെയ്ത യുവാവ് തനിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് അറിഞ്ഞത് തന്നെ ഈ സംഭവത്തിന് ശേഷമായിരുന്നു. തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് ശേഷം ഒരു മാസം തികയും മുമ്പാണ് ഇപ്പോള്‍ യുവതിയുടെ പ്രസവം

ചെന്നൈ: രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. 

ശരീരഭാരം അല്‍പം കുറവാണ് എന്നതൊഴിച്ചാല്‍ കുഞ്ഞിന് നിലവില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് അറിയണമെങ്കില്‍ ഇനിയും 45 ദിവസത്തെ കാത്തിരിപ്പ് ആവശ്യമാണ്.

ഡിസംബറിലാണ് വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് വിളര്‍ച്ചയുണ്ടെന്ന് കാണിച്ച് രക്തം കയറ്റിയത്. എന്നാല്‍ ബ്ലഡ് ബാങ്കില്‍ നിന്നെടുത്ത രക്തം എച്ച്‌ഐവി ബാധിച്ച യുവാവിന്റേതായിരുന്നു. മാറ്റിവച്ച രക്തം അബദ്ധവശാല്‍ നല്‍കാന്‍ തയ്യാറാക്കി വച്ചവയുടെ കൂടെ പെടുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചത്. 

എന്നാല്‍ സംഭവം തമിഴ്‌നാട്ടില്‍ തന്നെ ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഒരു ക്യാമ്പിനിടെ രക്തം ദാനം ചെയ്ത യുവാവ് തനിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് അറിഞ്ഞത് തന്നെ ഈ സംഭവത്തിന് ശേഷമായിരുന്നു. തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് ശേഷം ഒരു മാസം തികയും മുമ്പാണ് ഇപ്പോള്‍ യുവതിയുടെ പ്രസവം. 

ഗര്‍ഭസ്ഥ ശിശുവിന് എച്ച്‌ഐവി പകരാനുള്ള സാധ്യത...

അമ്മ എച്ച്‌ഐവി പോസിറ്റീവ് ആണെങ്കില്‍ കുഞ്ഞിന് അണുബാധുണ്ടാകാന്‍ പല സാധ്യതകളുമുണ്ട്. ഗര്‍ഭാശയത്തിലായിരിക്കെ തന്നെ പൊക്കിള്‍കൊടിയിലൂടെ ഇത് പകരാം. എന്നാല്‍ ഇത് എല്ലാ കേസുകളിലും നിര്‍ബന്ധമായും നടക്കണമെന്നില്ല. കാരണം കുഞ്ഞിന് രോഗം പകരാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ നല്‍കാറുണ്ട്. ഇത് ഫലപ്രദമായി വന്നാല്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. 

രണ്ടാമതായി പ്രസവത്തിലൂടെയാണ് കുഞ്ഞിന് അണുബാധയുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നത്. പ്രസവസമയത്ത് കുഞ്ഞ് ഗര്‍ഭപാത്രം വിട്ട് പുറത്തേക്ക് വരുമ്പോള്‍ അമ്മയുടെ രക്തം ഉള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെയാണ് ഈ ഘട്ടത്തില്‍ രോഗബാധയുണ്ടാവുക. സിസേറിയനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ ആശ്രയിക്കുന്ന ഒരു രക്ഷാമാര്‍ഗം. 

മൂന്നാമതായി, കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെയാണ് രോഗം പകരാന്‍ സാധ്യതയുള്ളത്. ഇത് താരതമ്യേന ചെറിയ സാധ്യതയേ ഉണ്ടാക്കുന്നുള്ളൂ. കാരണം, അമ്മയുടെ രോഗം നേരത്തേ കണ്ടെത്തിയാല്‍ പിന്നെ കുഞ്ഞിനെ മുലയൂട്ടുന്നത് വേണ്ടെന്ന് വയ്ക്കാവുന്നതേയുള്ളൂ. 

click me!