
മഴക്കാലത്ത് പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. എന്നാൽ മഴയെ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ചെടികൾക്കും മഴ നല്ലതാണ്. എന്നാൽ അമിതമായ മഴ ചെടികൾ നശിച്ചു പോകാൻ കാരണമാകുന്നു. അമിതമായി വെള്ളം ഇറങ്ങുമ്പോൾ വേരുകൾ നശിക്കുകയും, തണ്ടിനും പൂക്കൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. മഴക്കാലത്ത് ചെടികളെ സംരക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
ഡ്രെയിനേജ് സംവിധാനം
ചെടികൾ നട്ടുപിടിപ്പിച്ചിട്ടുള്ള പോട്ടുകളിൽ ഡ്രെയിനേജ് ഹോളുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടായാൽ വേരുകൾ പെട്ടെന്ന് നശിച്ചു പോവുകയും ചെടിയുടെ വളർച്ച ഇല്ലാതാവുകയും ചെയ്യുന്നു.
മഴയിൽ നിന്നും സംരക്ഷണം
നേരിട്ട് മഴ കൊള്ളുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചെടി പെട്ടെന്ന് ഇല്ലാതാവാൻ കാരണമാകുന്നു. പ്ലാസ്റ്റിക് ഷീറ്റ്, ഗാർഡൻ അംബ്രെല്ല, നെറ്റ് എന്നിവ ഉപയോഗിച്ച് മുകൾ ഭാഗം മൂടുന്നത്, ചെടികളിൽ വെള്ളം വീഴുന്നതും, വെള്ളം കെട്ടിനിൽക്കുന്നതും തടയാൻ സാധിക്കും.
പോട്ടുകൾ ഉയർത്താം
ചെടി നട്ടുവളർത്തുന്ന പോട്ടുകൾ ഉയർത്തി വയ്ക്കുന്നത് മഴവെള്ളം ഒലിച്ചിറങ്ങുന്നതിനെ തടയുന്നു. സ്റ്റാൻഡ് അല്ലെങ്കിൽ കല്ല് ഉപയോഗിച്ച് പോട്ട് ഉയർത്തി വയ്ക്കാവുന്നതാണ്.
മുറിച്ചു മാറ്റാം
വളർന്നു പന്തലിക്കുന്ന ശാഖകളും ഇലകളും മുറിച്ചു മാറ്റുന്നത് ചെടിയുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ വെള്ളം വീഴുമ്പോൾ ചെടി ഒടിഞ്ഞു പോകാനും ചരിയാനുമൊക്കെ കാരണമാകുന്നു.
വേരുകൾ പൊതിയാം
ചെടിയിൽ വെള്ളം ഇറങ്ങുമ്പോഴാണ് വേരുകൾ നശിക്കുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് വേരുകൾ പ്രത്യേകം സംരക്ഷിക്കേണ്ടതുണ്ട്. ചെടിക്ക് ചുറ്റുമുള്ള മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ, വയ്ക്കോൽ, ഉണങ്ങിയ ഇലകൾ എന്നിവ വേരുകൾക്ക് ചുറ്റുമിടാം.