
പച്ചക്കറികൾ വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ വയ്ക്കാതെ കഴുകേണ്ടത് വളരെ പ്രധാനമാണ്. ഓരോ പച്ചക്കറിയും വ്യത്യസ്തമാണ്. അതിനാൽ തന്നെ പച്ചക്കറികൾ കഴുകി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും ഇലക്കറികൾ കഴുകുമ്പോൾ പലപ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.
ഇലക്കറിയുടെ ഗുണങ്ങൾ
പോഷക സമൃദ്ധമാണ് ഇലക്കറികൾ. വിറ്റാമിൻ എ, കെ, സി, അയൺ, പെക്ടിൻ, ഫോളറ്റ് തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമായ ഇലക്കറികൾ കഴുകുമ്പോൾ ശ്രദ്ധിക്കണം. വാങ്ങുമ്പോൾ ഇതിൽ അഴുക്കും അണുക്കളും കീടനാശിനിയും ഉണ്ടായിരിക്കാം. അതിനാൽ തന്നെ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകേണ്ടത് പ്രധാനമാണ്.
തണ്ടുകൾ മുറിച്ച് മാറ്റണം
കഴുകുന്നതിന് മുമ്പ് ഇലക്കറിയിലെ തണ്ടുകൾ മുറിച്ച് മാറ്റുകയും പഴുത്തതോ കേടുവന്നതോ ആയ ഇലകൾ കളയുകയും ചെയ്യണം. കാരണം ഇലയെക്കാളും തണ്ടിലാണ് കീടനാശിനികളും, രാസവസ്തുക്കളും ഉണ്ടാവാൻ സാധ്യതയുള്ളത്. കഴുകുന്ന സ്ഥലത്തും വൃത്തിയുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഒഴുകുന്ന വെള്ളത്തിൽ കഴുകാം
ഒഴുകുന്ന വെള്ളത്തിൽ ഇലക്കറികൾ നന്നായി കഴുകിയെടുക്കണം. ഓരോ ഇലയും കൈകൾ ഉപയോഗിച്ച് ഉരച്ച് കഴുകാം. ഇത് അഴുക്കിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഉപ്പു വെള്ളം
നല്ല തണുത്ത വെള്ളത്തിൽ 2 ടേബിൾസ്പൂൺ ഉപ്പിട്ട് 10 മിനിറ്റ് ഈ വെള്ളത്തിൽ ഇലക്കറികൾ മുക്കിവയ്ക്കണം. ഉപ്പ് അഴുക്കിയെന്നും അണുക്കളെയും കളയാൻ സഹായിക്കുന്നു. ശേഷം ഉപ്പിന്റെ രുചി മാറാൻ നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
വിനാഗിരി ഉപയോഗിക്കാം
ഒരു പാത്രത്തിൽ ആപ്പിൾ സിഡർ അല്ലെങ്കിൽ വെള്ള വിനാഗിരി എടുക്കണം. ഇലക്കറികൾ 10 മിനിറ്റ് ഈ ലായനിയിൽ മുക്കിവയ്ക്കണം. വിനാഗിരി അണുക്കളെയും കീടനാശിനിയെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ശേഷം തണുത്ത വെള്ളത്തിൽ ഇലക്കറികൾ നന്നായി കഴുകിയെടുക്കണം.
നന്നായി ഉണക്കാം
കഴുകിയതിന് ശേഷം ഇലക്കറികൾ നന്നായി ഉണക്കിയെടുക്കാൻ ശ്രദ്ധിക്കണം. പേപ്പർ ടവൽ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാം. ഇതിൽ ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ വളരാനും ഇലക്കറികൾ കേടുവരാനും സാധ്യതയുണ്ട്.