
മഴ ചൂടിന് ആശ്വാസം നൽകുമെന്നത് സത്യമാണ്. എന്നാൽ നിരവധി പ്രതിസന്ധികളാണ് ഈ സമയത്ത് നമ്മൾ നേരിടേണ്ടതായി വരുന്നത്. മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്നമാണ് ഭക്ഷ്യവിഷബാധ. കേടുവന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയും ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുന്നു. മഴ സമയങ്ങളിൽ ഈർപ്പം കൂടുതൽ ആയതിനാലാണ് ഇത്തരത്തിൽ വീട്ടിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ കേടുവരുന്നത്. കൂടാതെ അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച്, ടവൽ, കട്ടിങ് ബോർഡ് എന്നിവയിലും ഇത്തരത്തിൽ അണുക്കൾ ഉണ്ടാകുന്നു. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.
വൃത്തിയാക്കുമ്പോൾ
മഴക്കാലത്ത് അടുക്കള പ്രത്യേകം വൃത്തിയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ സമയത്ത് വായുവിലുള്ള ഈർപ്പം വർധിക്കുമ്പോൾ അണുക്കൾ പെട്ടെന്ന് പെരുകുന്നു. പാത്രങ്ങളും അടുക്കള പ്രതലങ്ങളും വൃത്തിയാക്കിയാലും ഈർപ്പം വർധിക്കുമ്പോൾ അണുക്കൾ ഉണ്ടായികൊണ്ടേയിരിക്കും. ഇവ ഭക്ഷണത്തിൽ പടരാൻ വലിയ സമയം വേണ്ടി വരുന്നില്ല. അതിനാൽ തന്നെ വൃത്തിയാക്കുന്നതിനൊപ്പം അടുക്കള അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.
അണുബാധകൾ
മഴക്കാലത്താണ് അധികവും ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഇത് വായുവിലുള്ള ഈർപ്പം വർധിക്കുന്നതുകൊണ്ടും ശരിയായ രീതിയിൽ വൃത്തിയാക്കാത്തതും കൊണ്ടാണ് സംഭവിക്കുന്നത്. കെട്ടിനിൽക്കുന്നതും ശുദ്ധമല്ലാത്തതുമായി ജലത്തിന്റെ ഉപയോഗം, അണുവിമുക്തമാക്കാത്ത പാത്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും കത്തിയും കട്ടിങ് ബോർഡും വൃത്തിയാക്കാൻ മറക്കരുത്.
ഭക്ഷണങ്ങൾ
ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ അടച്ചു മാത്രം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാം. ഇത് ഈർപ്പം അകത്ത് കടക്കുന്നതും അതുമൂലം അണുക്കൾ ഉണ്ടാകുന്നതിനെയും തടയുന്നു