രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വീടിനുള്ളിൽ ഒരുപോലെ ചൂട് നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ എസിയുടെ ഉപയോഗവും കൂടുതലായിരിക്കും.

ചൂടുകാലമായാൽ പിന്നെ പുറത്തോ വീടിനുള്ളിലോ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വീടിനുള്ളിൽ ഒരുപോലെ ചൂട് നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ എസിയുടെ ഉപയോഗവും കൂടുതലായിരിക്കും. എന്നാൽ എസി ഇല്ലാതെ തന്നെ വീട് തണുപ്പിക്കാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനാലകൾ അടച്ചിടാം

ഏറ്റവും കൂടുതൽ ചൂടുള്ള സമയങ്ങളിൽ പ്രത്യേകിച്ച് ഉച്ചയ്ക്ക് ജനാലകളും വാതിലുകളും അടച്ചിടുന്നത് പുറത്തെ ചൂട് വീടിനകത്തേക്ക് കടക്കുന്നത് തടയാൻ സഹായിക്കും.

കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം

കനം കുറഞ്ഞ കർട്ടനുകൾക്ക് പകരം കട്ടിയുള്ള തുണികൊണ്ടുള്ള കർട്ടനുകൾ ഉപയോഗിക്കാം. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടയാനും ചൂട് കുറയ്ക്കാനും സഹായിക്കുന്നു.

ടെറസിൽ വെള്ളം തളിക്കാം

ടെറസിൽ വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ഉച്ചയ്ക്കോ അല്ലെങ്കിൽ വൈകുന്നേരമോ വെള്ളമൊഴിക്കാവുന്നതാണ്.

ഫാനിന് മുന്നിൽ ഐസ് വെക്കാം 

ഫാനിന് മുന്നിൽ ഒരു പാത്രത്തിൽ ഐസോ തണുത്ത വെള്ളമോ വെക്കുന്നത് മുറിയിൽ തണുപ്പ് ലഭിക്കാൻ സഹായിക്കും.

വീടിനുള്ളിൽ ചെടികൾ വളർത്താം

തുളസി, മണി പ്ലാന്‍റ് തുടങ്ങിയ ചെടികൾ വീടിനകത്തെ ചൂട് നിയന്ത്രിക്കാൻ സഹായിക്കും. ബാൽക്കണിയിലോ ജനാലയ്ക്കടുത്തോ ചെടികൾ വളർത്താവുന്നതാണ്.

ഇളം നിറങ്ങൾ ഉപയോഗിക്കാം

ചുവരുകൾ, കർട്ടനുകൾ, ബെഡ്ഷീറ്റുകൾ എന്നിവയ്ക്ക് വെള്ള, ക്രീം പോലുള്ള ഇളം നിറങ്ങൾ ഉപയോഗിക്കാം. ഇവ ചൂട് കുറച്ച് മാത്രമേ ആഗിരണം ചെയ്യൂ.

ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക

ടിവി, ലാപ്ടോപ്പ്, ഓവൻ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ചൂട് പുറത്തുവിടും. ഉപയോഗം ഇല്ലാത്ത സമയങ്ങളിൽ ഇവ പൂർണ്ണമായും ഓഫ് ചെയ്ത് വെക്കുക.

വായുസഞ്ചാരം ഉണ്ടാകണം

വൈകുന്നേരങ്ങളിലും രാത്രിയിലും ജനാലകൾ തുറന്നിട്ട് ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇത് സ്വാഭാവികമായ തണുത്ത കാറ്റ് വീടിനുള്ളിൽ കയറാൻ സഹായിക്കും.