
നമ്മളിൽ പലരും ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ നിന്നും നേരിട്ടെടുത്ത് കഴിക്കുന്നവരാണ്. എന്നാൽ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതം തന്നെയാണ്. എന്നാൽ അത് കഴിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഫ്രിഡ്ജിൽ ശരിയായ രീതിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഇത് കേടായിപ്പോകാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കു.
വേവിച്ച ഭക്ഷണങ്ങൾ
പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് സൂക്ഷിക്കരുത്. കഴിച്ച് കഴിഞ്ഞാൽ ഉടൻ ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കണം. ദീർഘ നേരം ഭക്ഷണം പുറത്ത് വയ്ക്കുമ്പോൾ ഇതിൽ അണുക്കൾ പെരുകാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ചൂടുള്ള ഭക്ഷണങ്ങൾ
വേവിച്ച ഭക്ഷണങ്ങൾ ചൂട് കുറയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പ്രവണത നല്ലതല്ല. ചൂടിൽ നിന്നും പെട്ടെന്ന് തണുപ്പിലേക്ക് വയ്ക്കുമ്പോൾ ഭക്ഷണം കേടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ തണുത്തതിന് ശേഷം മാത്രം ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
അടച്ച് സൂക്ഷിക്കണം
ഭക്ഷണം ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പലതരം ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ ഇരിക്കുന്നതുകൊണ്ട് തന്നെ ഇത് കേടായിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. വായുകടക്കാത്ത പാത്രത്തിലാക്കി വയ്ക്കാൻ ശ്രദ്ധിക്കാം.
നിരവധി തവണ ചൂടാക്കരുത്
ഒരിക്കൽ ചൂടാക്കിയ ഭക്ഷണം പിന്നെയും ചൂടാക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണം പെട്ടെന്ന് കേടായിപ്പോകാൻ കാരണമാകുന്നു. കൂടാതെ ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
പഴക്കമുള്ള ഭക്ഷണങ്ങൾ
ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. കൃത്യമായ തിയതി ലേബൽ ചെയ്ത് മാത്രം പാത്രത്തിൽ സൂക്ഷിക്കാം. ഇത് ഭക്ഷണ സാധനങ്ങൾ കേടായിപ്പോകുന്നതിന് മുമ്പ് ഉപയോഗിക്കാൻ സഹായിക്കുന്നു.