എസി ഉപയോഗിച്ചാൽ പോക്കറ്റ് കീറുമെന്ന ആശങ്കയിലാണ് മിക്കവരും എസി ഉപയോഗിക്കുക. എന്നാൽ, പോക്കറ്റ് കാലിയാകാതെ തന്നെ എസി ഉപയോഗിക്കാൻ ചില പൊടിക്കൈകളുണ്ട്.
കടുത്ത വേനൽക്കാലമാണല്ലോ വരുന്നത്. പൊള്ളുന്ന ചൂടിനെ മറികടക്കാൻ എസിയും ഫാനും വല്ലാതെ ഉപയോഗിക്കേണ്ടി വരും. എസി ഉപയോഗം എപ്പോഴും എല്ലാവരെയും പേടിപ്പെടുത്തുന്നതാണ്. വൈദ്യുതി ബില്ല് തന്നെ കാരണം. എസി ഉപയോഗിച്ചാൽ പോക്കറ്റ് കീറുമെന്ന ആശങ്കയിലാണ് മിക്കവരും എസി ഉപയോഗിക്കുക. എന്നാൽ, പോക്കറ്റ് കാലിയാകാതെ തന്നെ എസി ഉപയോഗിക്കാൻ ചില പൊടിക്കൈകളുണ്ട്.
താപനില
കൃത്യമായ താപനില ഉപയോഗിക്കുക എന്നതാണ് എസി ഉപയോഗം സൗഹൃദപരമാക്കാനുള്ള പ്രധാന മാർഗം. പലരും എസി ഓണാക്കിയാൽ താപനില 16 ഡിഗ്രി സെൽഷ്യസിലേക്കോ 18ലേക്കോ താഴ്ത്ത് മുറി പെട്ടെന്ന് തണുപ്പിക്കാനാണ് ശ്രമിക്കുക. എന്നാൽ, ഈ മാർഗം തെറ്റാണ്. ഇങ്ങനെ ചെയ്താൽ മുറി പെട്ടെന്ന് തണുക്കില്ലെന്ന് മാത്രമല്ല, കംപ്രസർ കൂടുതൽ സമയം പ്രവർത്തിച്ച് വൈദ്യുതി കൂടുതൽ ചെലവാകുകയും ചെയ്യും. 24 മുതൽ 26 ഡിഗ്രി വരെയുള്ള താപനിലയിൽ ക്രമീകരിക്കുന്നതാണ് നമ്മുടെ കാലാവസ്ഥക്ക് ഉചിതം. താപനില ഓരോ ഡിഗ്രി കൂട്ടുന്നതിലൂടെ 6ശതമാനം വൈദ്യതി ലാഭിക്കാം. എട്ട് മണിക്കൂർ എസി ഉപയോഗിക്കുന്ന വീട്ടിൽ 18ന് പകരം 24 ഡിഗ്രി സെൽഷ്യസ് ക്രമീകരിച്ചാൽ പ്രതിമാസം 400 രൂപ ലാഭിക്കാം. വൈദ്യുതി ബില്ലിൽ 800 രൂപ വരെ കുറയും.
ഫിൽട്ടർ ക്ലീനിങ്
മഴക്കാലത്തെ ആലസ്യത്തിന് ശേഷം എല്ലാവരും എസിയെ ശ്രദ്ധിക്കുക വേനൽക്കാലത്തായിരിക്കും. അതുകൊണ്ട് തന്നെ എസി സജീവമായി ഉപയോഗിക്കുന്നതിന് മുമ്പേ എയർ ഫിൽറ്ററുകളിൽ അടിഞ്ഞുകൂടിയ പൊടി നീക്കം ചെയ്താൽ പൈസ ലാഭിക്കാം. പൊടി അടിഞ്ഞുകൂടുന്നത് വായുസഞ്ചാരം തടസ്സപ്പെടുത്തുകയും കംപ്രസറിന് അമിത ജോലിയാകുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ പൊടി നീക്കം ചെയ്താൽ മാസം 100 രൂപവരെയും ലാഭിക്കാം. അതോടൊപ്പം അലർജിയുള്ളവർക്കും ആശ്വാസം.
ഡോർ സീലുകൾ ഉപയോഗിക്കാം
അതോടൊപ്പം മുറി കൃത്യമായി സീൽ ചെയ്യുകയും എസി പ്രവർത്തിക്കുമ്പോൾ ജനലുകളും വാതിലുകളും പൂർണ്ണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. വാതിലിന് താഴെയുള്ള വിടവുകളിലൂടെ തണുത്ത കാറ്റ് പുറത്തുപോകാതിരിക്കാൻ 'ഡോർ സീലുകൾ' (Door Seals) ഉപയോഗിക്കാം. പകൽ സമയത്ത് ജനലിലൂടെ നേരിട്ട് വെയിൽ മുറിക്കുള്ളിലേക്കെത്തിയാൽ എസിക്ക് പണികൂടും. അതിനാൽ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം. എസിക്കൊപ്പം കുറഞ്ഞ സ്പീഡിൽ സീലിംഗ് ഫാൻ കൂടി പ്രവർത്തിപ്പിക്കുന്നത് തണുത്ത കാറ്റ് മുറിയുടെ എല്ലാ ഭാഗത്തേക്കും വേഗത്തിൽ എത്താൻ സഹായിക്കും. രാത്രിയിൽ ഉറങ്ങുമ്പോൾ എസിയിൽ 'Sleep Mode' സെറ്റ് ചെയ്താലും വൈദ്യുതി ലാഭിക്കാം. പുതിയ എസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇൻവെർട്ടർ എസി തിരഞ്ഞെടുക്കുക.


