
രൂപവും ഭാവവും മാറ്റാനും കേടുപാടുകളിൽനിന്നും സംരക്ഷിക്കാനുമാണ് വീട് പെയിന്റ് ചെയ്യുന്നത്. നിർമ്മാണത്തിൽ ചുമരുകളിൽ എന്തെങ്കിലും തരത്തിൽ തെറ്റുകൾ സംഭവിച്ചാൽ അത് എളുപ്പത്തിൽ മനോഹരമായി മറയ്ക്കാനും പെയിന്റുകൊണ്ട് സാധിക്കും. അതുകൊണ്ട് തന്നെ വീട് പെയിന്റ് ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണ്. എങ്ങനെയെങ്കിലും ചെയ്യാതെ ശ്രദ്ധയോടെ വേണം പെയിന്റ് ചെയ്യേണ്ടത്. വീടിന്റെ അകത്തും പുറത്തും ഒരുപോലെയാണ് പെയിന്റ് ചെയ്യേണ്ടത്. വീട് പെയിന്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
എന്തൊക്കെ തരം പെയിന്റുകളാണ് ഉള്ളത്
ഓരോ പെയിന്റിനും വ്യത്യസ്തമായ ഗുണങ്ങളാണുള്ളത്. നമ്മുടെ ആവശ്യത്തിനനുസരിച്ച് പെയിന്റ് തെരഞ്ഞെടുക്കാവുന്നതാണ്. പ്രധാനമായും ഉപയോഗിക്കുന്നത് ഈ പെയിന്റുകളാണ്.
എമൽഷൻ പെയിന്റ്
വാട്ടർ ബേസ്ഡ് പെയ്ന്റാണ് എമൽഷൻ പെയിന്റ്. ഇത് എളുപ്പത്തിൽ ഉണങ്ങുകയും ക്ഷാര പ്രതിരോധ ശേഷിയുള്ളതുമാണ്. അമിതമായി ചൂടുണ്ടാകാൻ സാധ്യതയുള്ള അടുക്കള, ബാത്റൂം എന്നിവിടങ്ങളിലാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ ഈടുനിൽക്കുന്നതുമാണ് എമൽഷൻ പെയിന്റുകൾ. നല്ല ഫിനിഷിങ് കിട്ടുന്ന ഇത് പല നിറത്തിലും ലഭ്യമാണ്.
ഓയിൽ പെയിന്റ്
നല്ല ഫിനിഷിങ്ങും മൃദുലവുമായ ടച്ചും നൽകുന്ന ഓയിൽ പെയിന്റുകൾ പല നിറങ്ങളും എണ്ണയും ചേർത്താണ് ഉണ്ടാക്കുന്നത്. അണ്ടർകോട്ട് ചെയ്യാനും, പ്രൈമറായും, ഫിനിഷിങ് കോട്ട് നൽകാനുമാണ് ഓയിൽ പെയിന്റ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ കാലം ഈടുനിൽകുന്നതും വെള്ളത്തെ തടയുകയും ചെയ്യുന്നു.
സിമന്റ് ബേസ്ഡ് പെയിന്റ്
സിമന്റ് ഉപയോഗിച്ചുകൊണ്ടുള്ള വാട്ടർ ബേസ്ഡ് പെയ്ന്റാണ് സിമന്റ് ബേസ്ഡ് പെയിന്റ്. വീടിന് അകത്തും പുറത്തും ഉപയോഗിക്കാൻ കഴിയുമെങ്കിലും കൂടുതലും വീടിന് പുറത്താണ് സിമന്റ് പെയിന്റ് ഉപയോഗിക്കാറുള്ളത്. ഇത് കോൺക്രീറ്റ്, പ്ലാസ്റ്റർ ചെയ്തുള്ള ചുമരുകൾ സംരക്ഷിക്കാൻ സഹായിക്കുന്നു.
പെയിന്റ് അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെറ്റീരിയൽ: നിറവും ബ്രാൻഡും തെരഞ്ഞെടുക്കുന്നതിന് മുമ്പ് അറിയേണ്ടത് എന്ത് തരം മെറ്റീരിയൽ ഉപയോഗിച്ചാണ് പെയിന്റ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. വെള്ളമാണോ കെമിക്കൽ സോൾവെന്റുകൾ ഉപയോഗിച്ചാണോ പെയിന്റ് നിർമ്മിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കണം.
രാസവസ്തുക്കൾ: ചില പെയിന്റുകൾ അമിതമായി അപകടകാരികളായ രാസവസ്തുക്കളെ പുറംതള്ളാറുണ്ട്. ഇത് ഒഴിവാക്കുന്നതിന് വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട് (വിഒസി) കുറഞ്ഞ പെയിന്റുകൾ തെരഞ്ഞെടുക്കാവുന്നതാണ്. എത്രകാലം കഴിഞ്ഞാലും ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പോകില്ല. അതുകൊണ്ട് തന്നെ പെയിന്റ് ശ്രദ്ധയോടെ തെരഞ്ഞെടുക്കാം.
വാട്ടർപ്രൂഫ്: വെള്ളം വീഴുന്നതും ഒലിച്ചിറങ്ങുന്നതും തടയാൻ വേണ്ടിയാണ് ചുമരുകളിൽ വാട്ടർ പ്രൂഫ് ചെയ്യേണ്ടി വരുന്നത്.
ചുമര് വാട്ടർപ്രൂഫല്ല എന്നുണ്ടെങ്കിൽ അടിച്ചിരിക്കുന്ന പെയിന്റ് ഇളകിപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാട്ടർപ്രൂഫിങ് ചെയ്യാവുന്നതാണ്.
കാലാവസ്ഥ: പെയിന്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ തന്നെ കാലാവസ്ഥകൂടെ കണക്കിലെടുക്കേണ്ടതുണ്ട്. വേനൽക്കാലം അല്ലെങ്കിൽ തണുപ്പ് കാലങ്ങളിലാണ് പെയിന്റ് ചെയ്യാൻ കൂടുതലും അനുയോജ്യമായ സമയം. കേടുപാടുകൾ വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ മഴക്കാലത്ത് പെയിന്റ് ചെയ്യുന്നത് ഒഴിവാക്കാം.
ഗുണമേന്മ: പരസ്യങ്ങളിൽ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ നിങ്ങളുടെ ചുമരിന്റെ സ്വഭാവം മനസിലാക്കി മാത്രം പെയിന്റ് തെരഞ്ഞെടുക്കുക. ഗുണമേന്മയുള്ളവ ഉപയോഗിച്ചില്ലെങ്കിൽ പെയിന്റ് പെട്ടെന്ന് അടർന്ന് പോകാൻ സാധ്യതയുണ്ട്.
പരിപാലനം: കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെയിന്റുകൾ ഇളകിപ്പോകാനും മങ്ങാനും കാരണമാകും. അതുകൊണ്ട് തന്നെ വീടിനുള്ളിലെ ഭിത്തികൾ ഇടക്ക് അഴുക്ക് തുടച്ച് വൃത്തിയാക്കേണ്ടതുണ്ട്. പുറം ഭിത്തികളും വൃത്തിയാക്കാൻ മറക്കരുത്. ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞാൽ ഒന്നുകൂടെ പെയിന്റ് ചെയ്ത് കൊടുക്കുകയോ അല്ലെങ്കിൽ മിനുക്കുപണികൾ ചെയ്യുകയോ ചെയ്യാം.
നിങ്ങൾ ഇങ്ങനെയാണോ കത്തി വൃത്തിയാക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം