
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. എന്നാൽ ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ചെടി നന്നായി വളരുകയില്ല. പുറത്തും വീടിനുള്ളിലും വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഇതിന്റെ തിളങ്ങുന്ന ഇലകളും വെള്ള പൂക്കളും ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ചെടി വാടിപോകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പീസ് ലില്ലിക്ക് അമിതമായി വെള്ളമൊഴിക്കേണ്ടി വരുന്നില്ല. കുറച്ച് ഈർപ്പം മാത്രമാണ് ചെടിക്ക് ആവശ്യം. അതിനാൽ തന്നെ ചെടിക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെറിയ അളവിൽ വെള്ളമൊഴിക്കാം. ഈർപ്പം കൂടുമ്പോൾ ഇലകളുടെ നിറം മങ്ങുന്നു.
ചെടിയിൽ അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു. ഇത് ചെടി പെട്ടെന്ന് വാടാൻ കാരണമാകും. അതിനാൽ തന്നെ ചെടിയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വെള്ളം വാർന്നു പോകാനുള്ള സംവിധാനമുണ്ടെന്ന് ഉറപ്പ് വരുത്തണം.
തണുത്ത കാലാവസ്ഥ
പീസ് ലില്ലിക്ക് വളരാൻ തണുപ്പ് ആവശ്യമാണെങ്കിലും അമിതമായ തണുപ്പിനെ അതിജീവിക്കാൻ ഈ ചെടിക്ക് കഴിയില്ല. വാതിലിനോടും ജനാലയോടും ചേർന്ന് വളർത്തുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയിൽ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. എയർ കണ്ടീഷണർ സ്ഥാപിച്ച മുറിയിൽ വളർത്തുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കാം.
ഫങ്കൽ ഉണ്ടാകുമ്പോൾ
ശരിയായ രീതിയിൽ പരിചരിച്ചാൽ പീസ് ലില്ലി നന്നായി വളരും. എന്നാൽ പരിചരണം ശരിയാകാതെ വരുമ്പോൾ ചെടി പെട്ടെന്ന് നശിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ചെടിയിൽ ഫങ്കൽ വരുന്നതാണ്. അമിതമായി ഈർപ്പം തങ്ങി നിൽക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അതിനാൽ തന്നെ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ചെടി വളർത്താൻ ശ്രദ്ധിക്കണം.
സ്ഥലം കുറവ്
ചെടി നന്നായി വളരണമെങ്കിൽ വലിപ്പമുള്ള സ്ഥലം ആവശ്യമാണ്. ഇടുങ്ങിയ സ്ഥലത്ത് പീസ് ലില്ലി വളരുകയില്ല. ഇത് കൃത്യമായ വായുസഞ്ചാരത്തിന് തടസമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചെടി പെട്ടെന്ന് വാടിപ്പോവുകയും ചെയ്യും. അതിനാൽ തന്നെ കൂടുതൽ സ്ഥലമുള്ള ഇടങ്ങളിലാവണം ചെടികൾ വളർത്തേണ്ടത്.