
മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കാൻ വീട്ടിൽ ചെടികൾ വളർത്തുന്നവരുണ്ട്. ചെടികളുടെ വളർച്ച ആസ്വദിക്കാനും അവയെ പരിപാലിക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അതിനാൽ തന്നെ ചെടികൾക്ക് ആവശ്യമായ പരിപാലനം നൽകേണ്ടതും പ്രധാനമാണ്. മനോഹരമായ ചെടിയാണ് ഹൈഡ്രാഞ്ചിയ. ഇത് കുറഞ്ഞ പരിചരണത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു. എന്നാൽ ചെടി നന്നായി വളരണമെങ്കിൽ നല്ല പരിചരണം നൽകേണ്ടതുണ്ട്. ഹൈഡ്രാഞ്ചിയ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വെളിച്ചം
6 മുതൽ 8 മണിക്കൂർ വരെ ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്. ഉച്ച വെയിലിനേക്കാളും രാവിലെയുള്ള വെയിലാണ് ചെടിക്ക് വേണ്ടത്. അതിനാൽ തന്നെ നല്ല പ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടുവളർത്തുന്നതാണ് നല്ലത്.
മണ്ണ്
നല്ല നീർവാർച്ചയുള്ള മണ്ണാണ് ഹൈഡ്രാഞ്ചിയക്ക് ആവശ്യം. അതേസമയം മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇടയ്ക്കിടെ ചെടിക്ക് വളമിടാനും മറക്കരുത്.
വെള്ളം
ആദ്യത്തെ രണ്ട് മാസം ചെടിക്ക് നന്നായി വെള്ളമൊഴിക്കണം. ഇത് വേരുകൾ ശക്തമായി വളരാൻ സഹായിക്കുന്നു. അതേസമയം ചെടിക്ക് അമിതമായി വെള്ളമൊഴിക്കരുത്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
ചെടി വെട്ടികൊടുക്കാം
പഴുത്തതോ കേടുവന്നതോ ആയ ഇലകൾ വെട്ടിമാറ്റാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. കൂടാതെ പുതിയ ഇലകൾ വരാനും ഇതിലൂടെ സാധിക്കും.