
പാമ്പിനെ പേടിയില്ലാത്തവർ ആരും ഉണ്ടാകില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഇവ പതുങ്ങിയിരിക്കുന്നത്. സ്ഥിരമായി വീട്ടിൽ പാമ്പ് വരാറുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം അവയെ ആകർഷിക്കുന്ന വസ്തുക്കൾ വീട്ടിൽ ഉള്ളതുകൊണ്ടാണ് പാമ്പ് പിന്നെയും വരുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെറിയ കുളങ്ങൾ, പൂന്തോട്ടം തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഇത്തരം സ്ഥലങ്ങളിൽ തവള, മറ്റു ജീവികളൊക്കെ വരാം. ഇവയെ പിടികൂടാൻ പാമ്പും പിന്നാലെയെത്തുന്നു. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഇംഗ്ലീഷ് ഐവി, പെരിവിങ്കിൽ തുടങ്ങി പതിയെ വളരുന്ന ചെടികൾക്ക് ചുറ്റും തണുപ്പും ഈർപ്പവും ഉണ്ടാകുന്നു. ഇത്തരം സ്ഥലങ്ങളിൽ പലതരം ജീവികളും പാമ്പും എത്തും. അതിനാൽ തന്നെ ഇടയ്ക്കിടെ പരിശോധിക്കുകയും വളർന്നു പടർന്ന ചെടികൾ മുറിച്ചുമാറ്റുകയും ചെയ്യണം.
കുറ്റിച്ചെടികളും മരങ്ങളും
വീടിന്റെ പരിസരത്ത് കുറ്റിച്ചെടികളും വലിയ മരങ്ങളും ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇവിടെ പക്ഷികളും, ചെറിയ മൃഗങ്ങളും ജീവികളും വരാം. പ്രത്യേകിച്ചും കുറ്റിച്ചെടികൾക്കിടയിൽ പാമ്പുകൾക്ക് പതുങ്ങിയിരിക്കാൻ എളുപ്പമാണ്. കൂടാതെ ഇത്തരം സ്ഥലങ്ങളിൽ എലികൾ ഉണ്ടെങ്കിൽ അവയെ പിടികൂടാനും പാമ്പ് വരാറുണ്ട്.
ചവറു കൂമ്പാരങ്ങൾ
ഇലകളും ചവറും കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലങ്ങളിൽ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചവർ കൂടി കിടക്കുമ്പോൾ അവിടെ ചൂടും ഈർപ്പവും തങ്ങി നിൽക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ എലികളും ചെറിയ ജീവികളും വളരും. ഇത് പാമ്പിനെ ആകർഷിക്കുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.