
വീടിനകത്ത് ഭംഗിക്ക് വെക്കുന്ന ചെടികളിൽ താരമാണ് ജേഡ് പ്ലാൻ്റ്. അധികം പരിചരണം വേണ്ടാത്ത ഈ ചെടി ആർക്കും ഇഷ്ടപ്പെടും. എന്നാൽ ചില സമയങ്ങളിൽ ഇലകൾ മഞ്ഞളിച്ച് കൊഴിയുകയും ഉണങ്ങിപ്പോവുകയും ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത് വെള്ളം കൂടിപ്പോകുന്നത്, വെള്ളം കെട്ടിനിൽക്കുന്നത്, വെളിച്ചം കുറയുന്നത്. ജേഡ് പ്ലാന്റ് നന്നായി വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ചട്ടിയിലെ മണ്ണ് പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക. സാധാരണയായി 10-15 ദിവസം കൂടുമ്പോൾ ഒരിക്കൽ നനച്ചാൽ മതി. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. അങ്ങനെ നിന്നാൽ വേരുകൾ അഴുകി ഇലകൾ കൊഴിഞ്ഞുപോകാൻ തുടങ്ങും.
വെളിച്ചം കുറഞ്ഞാൽ ജേഡ് പ്ലാന്റിന്റെ വളർച്ച മുരടിക്കുകയും ഇലകൾ ദുർബലമായി കൊഴിഞ്ഞുപോകുകയും ചെയ്യും. രാവിലെ കിട്ടുന്ന ഇളം വെയിലോ നല്ല പ്രകാശമുള്ള സ്ഥലത്തോ ചെടി വെക്കുക. ഉച്ചയ്ക്കുള്ള വെയിൽ കൊള്ളിക്കരുത്. ഇത് ഇലകൾ കരിഞ്ഞുപോകാൻ കാരണമാകും.
മണ്ണും നീർവാർച്ചയും പ്രധാനം
ജേഡ് പ്ലാന്റിന് ഏറ്റവും നല്ലത് മണൽ കലർന്ന മണ്ണാണ്. സാധാരണ മണ്ണിൽ കുറച്ച് മണലോ പെർലൈറ്റോ ചേർത്താൽ വെള്ളം വേഗത്തിൽ വാർന്നുപോകും. ചട്ടിക്ക് താഴെ വെള്ളം പോകാനായി ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.
ഇടയ്ക്ക് വെട്ടിവിടാം
ചെടി നന്നായി തിങ്ങിനിറഞ്ഞ് വളരണമെങ്കിൽ മുകളിലേക്ക് നീണ്ടുപോകുന്ന കൊമ്പുകളുടെ അറ്റം ചെറുതായി മുറിച്ചുവിടുക. ഇത് വശങ്ങളിൽ നിന്ന് പുതിയ ശിഖരങ്ങൾ വരാൻ സഹായിക്കും. ഉണങ്ങിയതും മഞ്ഞളിച്ചതുമായ ഇലകൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യണം.
വളം
ഓരോ 45-60 ദിവസം കൂടുമ്പോഴും സക്കുലന്റ് ചെടികൾക്കുള്ള വളമോ ജൈവവളമോ ഇടാം. വളം കൂടിയാലും ഇലകൾ കൊഴിയാൻ സാധ്യതയുണ്ട്. അതിനാൽ ചെറിയ അളവിൽ മാത്രം വളം ഉപയോഗിക്കുക.