
ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടോമ്പോഴേക്കും ഒരു പാട്ടൊക്കെ കേട്ട് ചായ കുടിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വീടിനുള്ളിലും അത്തരമൊരു മൂഡ് ഉണ്ടായാൽ അതെന്ത് രസമായിരിക്കുമല്ലേ. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് വീടൊരുക്കിയാൽ പുറത്തൊന്നും പോകാതെ തന്നെ വീടിനകവും ആസ്വദിക്കാൻ സാധിക്കും. ചിലവില്ലാതെ ചെറിയ മാറ്റങ്ങൾ കൊണ്ട് തന്നെ വീടിനകം കളറാക്കിയാലോ. ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.
ജനാലകൾ ഒഴിച്ചിടരുത്
വീടിന്റെ ഏറ്റവും കൂടുതൽ ആകർഷണമുള്ള ഇടം ജനാലകളാണെന്ന് പറയുന്നതിൽ തെറ്റില്ല. വീടിനുള്ളിൽ ജനാലയുടെ ഒരു വശത്തിരിന്നു മഴ ആസ്വദിക്കുന്നത് നല്ലൊരു അനുഭവമാക്കാം. ജനാലയിലൂടെ പുറത്തേക്ക് കാണാൻ പറ്റുന്ന വിധത്തിൽ സോഫയോ കസേരയോ ഇടാം. ഇവിടെയിരുന്ന് മഴ ആസ്വദിച്ച് പുസ്തകം വായിക്കുകയും ചായ കുടിക്കുകയും ചെയ്യുന്നത് നല്ലൊരു മഴയോർമയാകും.
ലൈറ്റിങ്
വീടിനുള്ളിലെ ആംബിയൻസ് കൂട്ടുന്നതിൽ ലൈറ്റുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. വാം, ഫെയറി ലൈറ്റുകൾ, ലാമ്പുകൾ, കാൻഡിൽ എന്നിവ ഉപയോഗിച്ച് നന്നായി വീടിനകം ശാന്തമുള്ളതാക്കാൻ സാധിക്കും. ലിവിങ് റൂം, കിടപ്പുമുറി തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലൈറ്റുകൾ തെരഞ്ഞെടുക്കാം.
ടീ ടേബിൾ
സാധ്യമെങ്കിൽ ജനാലയോട് ചേർന്ന് ഒരു ടീ ടേബിൾ കൂടെ സെറ്റ് ചെയ്താൽ കൂടുതൽ സൗകര്യപ്രദമാക്കാൻ സാധിക്കും. ഇവിടെയിരുന്ന് സമാധാനമായി ചായ കുടിക്കാനും മഴ ആസ്വദിക്കാനും കഴിയുന്നു.
ചുമർ ഒരുക്കാം
മഴ മൂഡ് ലഭിക്കുന്ന വിധത്തിൽ ചുമരുകൾ ഒരുക്കുന്നത് വീടിനുള്ളിൽ കൂടുതൽ ആംബിയൻസ് ലഭിക്കാൻ സഹായിക്കുന്നു. പിൻബോർഡ്, വാൾ ആർട് എന്നിവ ചെയ്യുന്നത് നല്ലതായിരിക്കും.