
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. ഭക്ഷണത്തിന്റെ രുചി കൂട്ടാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ മല്ലിയിലയിൽ ധാരാളം ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കടയിൽ നിന്നും വാങ്ങുമ്പോൾ ഇതിൽ അഴുക്കും അണുക്കളും ധാരാളം ഉണ്ടാവാം. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മല്ലിയില കഴുകുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
വേരുകളോടെയാണ് മല്ലിയില നമുക്ക് കിട്ടുന്നത്. ഇതിൽ ചെളിയും അഴുക്കും അണുക്കളും എല്ലാം ഉണ്ടാവും. അതിനാൽ തന്നെ കഴുകുന്നതിന് മുമ്പ് വേരുകൾ മുറിച്ചുമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോന്നായി നന്നായി കഴുകി വൃത്തിയാക്കാം.
തണുത്ത, ഒഴുകുന്ന വെള്ളത്തിലാവണം മല്ലിയില കഴുകേണ്ടത്. ഇത് പൊടിപടലങ്ങളേയും അഴുക്കിനെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം കഴുകുമ്പോൾ ഇലയും തണ്ടുകളും വേർതിരിച്ച് കഴുകാൻ ശ്രദ്ധിക്കണം.
ഉപ്പ് വെള്ളം
ശുദ്ധമായ വെള്ളത്തിൽ കുറച്ച് ഉപ്പ് അല്ലെങ്കിൽ വിനാഗിരി ഒഴിക്കണം. ഇതിൽ 10 മിനിറ്റ് മല്ലിയില മുക്കിവയ്ക്കണം. ഇത് അഴുക്കിനെയും അണുക്കളെയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
സൂക്ഷിക്കേണ്ടത് ഇങ്ങനെ
കഴുകിയതിന് ശേഷം മല്ലിയില നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഇതിൽ അണുക്കൾ ഉണ്ടാവുകയും മല്ലിയില പെട്ടെന്ന് കേടാവാനും കാരണമാകും. ഉണങ്ങിയതിന് ശേഷം മാത്രമേ മല്ലിയില സൂക്ഷിക്കാൻ പാടുള്ളൂ.
ഇങ്ങനെ ചെയ്യാം
മല്ലിയില വൃത്തിയുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലോ അല്ലെങ്കിൽ സിപ് ലോക്ക് ബാഗിലോ ആക്കി സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം മല്ലിയില കേടുവരാതിരിക്കാൻ സഹായിക്കുന്നു.