
കാണുന്നതെന്തും വാങ്ങി കൂട്ടുന്നവരാണ് നമ്മൾ. അതുപോലെ തന്നെ വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒരു കണക്കുമില്ല. വസ്ത്രങ്ങൾ കൂടുമ്പോൾ അവ കൃത്യമായി സൂക്ഷിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എന്താണ് നമ്മുടെ അലമാരകളുടെ അവസ്ഥ. തിരക്കുപിടിച്ച് പുറത്തുപോകാൻ നിൽക്കുമ്പോൾ വസ്ത്രങ്ങൾ എങ്ങനെയെങ്കിലും വാരിവലിച്ചിട്ടാവും നമ്മൾ പോകുന്നത്. പിന്നീട് ഇത് മടക്കി ഒതുക്കി വെക്കാൻ സമയവും കിട്ടില്ല. എന്നാൽ ഇനി അലമാര അലങ്കോലപ്പെടില്ല. ഈ രീതിയിൽ ചെയ്തുനോക്കൂ.
ഒരേ സ്റ്റൈൽ ഉള്ള ഹാങ്ങർ
ഒരേ ആകൃതിയിലും ഷെയ്പ്പിലുമുള്ള ഹാങ്ങറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പലതരത്തിലുള്ള ഹാങ്ങറുകൾ ഉപയോഗിച്ചാൽ വസ്ത്രങ്ങൾ നേരെ കിടക്കില്ല. ഇത് അലമാര അലങ്കോലമായി കിടക്കുന്നതുപോലെ തോന്നിക്കും. ഒരേ തരത്തിലുള്ള ഹാങ്ങറുകൾ ആണെങ്കിൽ വസ്ത്രങ്ങൾ അടുക്കോടെ കിടക്കുകയും അലമാര കാണാൻ ഭംഗിയായിരിക്കുകയും ചെയ്യും.
വസ്ത്രങ്ങൾ വേർതിരിച്ചിടുക
അലമാരക്കുള്ളിൽ വസ്ത്രങ്ങൾ സൂക്ഷിക്കുമ്പോൾ എല്ലാം ഒരുമിച്ച് വെക്കാതെ ഓരോന്നായി വേർതിരിച്ച് സൂക്ഷിക്കണം. ജോലിക്ക് പോകുമ്പോൾ ഇടുന്നതും പുറത്ത് പോകുമ്പോൾ ഇടുന്നതും വെവ്വേറെയായി സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങൾ എളുപ്പത്തിൽ എടുക്കാൻ സാധിക്കും.
നിറം
സാധ്യമെങ്കിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഒരുമിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അലമാര കാണാൻ ഭംഗിയാക്കുകയും വസ്ത്രങ്ങൾ നീറ്റ് ആയിരിക്കാനും സഹായിക്കുന്നു.
വസ്ത്രങ്ങൾ മടക്കി സൂക്ഷിക്കാം
അലമാരയിൽ വസ്ത്രങ്ങൾ സൂക്ഷിക്കുമ്പോൾ അവ മടക്കി വെക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ വസ്ത്രങ്ങൾ സൂക്ഷിക്കാൻ ഒരുപാട് സ്ഥലം ആവശ്യമായി വരില്ല. വസ്ത്രങ്ങൾ ഒരേ രീതിയിൽ മടക്കിവെക്കാൻ ശ്രദ്ധിക്കണം. വാരിവലിച്ച് വസ്ത്രങ്ങൾ ഇടുമ്പോൾ അവ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകും.
ബോക്സ് അല്ലെങ്കിൽ ബാസ്കറ്റ്
ചെറിയ വസ്ത്രങ്ങൾ ബോക്സിലോ ബാസ്കറ്റിലോ ആക്കി അലമാരയുടെ പുറത്ത് സൂക്ഷിക്കാവുന്നതാണ്. അടിവസ്ത്രങ്ങൾ, സോക്സ്, ടവൽ തുടങ്ങിയവ ഈ രീതിയിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അലമാരയിൽ കൂടുതൽ സ്ഥലം ലഭിക്കും.
അലമാരയുടെ വാതിൽ
അലമാരയിലെ വാതിലിന്റെ ഉൾഭാഗങ്ങൾ എപ്പോഴും ഉപയോഗശൂന്യമായി കിടക്കാറാണ് പതിവ്. എന്നാൽ വാതിലിൽ വാൾ ഓർഗനൈസറുകളോ, ഹുക്കുകളോ സ്ഥാപിച്ചാൽ ബെൽറ്റ്, ടൈ, സ്കാർഫ് തുടങ്ങിയവ എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കും.
ലൈറ്റിംഗ്
അലമാരക്കുള്ളിൽ ചെറിയ രീതിയിലെങ്കിലും വെട്ടം വേണ്ടത് അത്യാവശ്യമായ കാര്യമാണ്. ചെറിയ എൽ.ഇ.ഡി ലൈറ്റുകൾ ഇന്ന് വിയണിയിൽ ലഭ്യമാണ്. ഇത് അലമാരക്കുള്ളിൽ സ്ഥാപിച്ചാൽ ഏത് ഇരുട്ടിലും വസ്ത്രങ്ങൾ എളുപ്പത്തിൽ എടുക്കാൻ സാധിക്കും.
ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കാം