എസിയിലെ 'ടൺ' എന്ന പദം ഭാരത്തെ അല്ല സൂചിപ്പിക്കുന്നത്! ഇതാ ആ രഹസ്യം  

Published : Apr 24, 2025, 04:14 PM IST
എസിയിലെ 'ടൺ' എന്ന പദം ഭാരത്തെ അല്ല സൂചിപ്പിക്കുന്നത്! ഇതാ ആ രഹസ്യം  

Synopsis

ഒരു ടൺ എന്നാൽ 1000 കിലോഗ്രാം ആണ്. അപ്പോൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏസിക്ക് ഇത്രയും ഭീമമായ ഭാരം ഉണ്ടോ എന്നായിരിക്കും പലരുടെയും സംശയം

വേനൽക്കാലം കടുത്തിരിക്കുന്നു. ചൂടിൽ നിന്ന് മോചനം നേടാൻ പലരും കൂളറുകൾക്കൊപ്പം എസികളും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. എസിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, നിങ്ങളുടെ വീട്ടിൽ എത്ര ടൺ എസി സ്ഥാപിച്ചിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ എത്ര ടൺ എസി വാങ്ങുന്നു എന്ന ചോദ്യം പലപ്പോഴും നിങ്ങൾ കേട്ടിരിക്കും.

അപ്പോൾ എസി വളരെ ഭാരം കൂടിയ ഒന്നാണെന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്. ഒരു ടൺ എന്നാൽ 1000 കിലോഗ്രാം ആണ്. അപ്പോൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏസിക്ക് ഇത്രയും ഭീമമായ ഭാരം ഉണ്ടോ എന്നായിരിക്കും പലരുടെയും സംശയം. ഒരിക്കലുമില്ല. നമ്മൾ വീടുകളിലും ഓഫീസുകളിലുമൊക്കെ ഉപയോഗിക്കുന്ന സ്പ്ലിറ്റ് അല്ലെങ്കിൽ വിൻഡോ എസിയുടെ ഭാരം 50 കിലോയിൽ താഴെയാണ്. ഭാരം വളരെ കുറവാണെങ്കിലും സ്പ്ലിറ്റ്, വിൻഡോ എസികളിൽ ടൺ എന്ന പദം ഉപയോഗിക്കുന്നു. എന്താണിതിന് അർത്ഥം?

ടൺ എന്നത് എസിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പദമാണ്. ഒരു പുതിയ എസി വാങ്ങാൻ പ്ലാനിടുമ്പോഴെല്ലാം, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ടണ്ണിനെക്കുറിച്ചാണ്. 1.5 ടൺ എസി വാങ്ങണോ അതോ രണ്ട് ടൺ എസി വാങ്ങണോ എന്ന് എല്ലാവരും ചിന്തിക്കും. ഏത് തരത്തിലുള്ള എസിക്കും ടൺ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കൽ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണം. നിങ്ങൾ ഒരു പുതിയ എസി വാങ്ങാൻ പദ്ധതിയിടുകയും ടൺ എന്നതിന്റെ അർത്ഥം നിങ്ങളെ കുഴയ്ക്കുന്നുമുണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾ തെറ്റായ ഒരു എസി വാങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് എയർ കണ്ടീഷണറുകളിലെ ടൺ എന്ന വാക്കിന്‍റെ രഹസ്യം എന്താണെന്ന് അറിയാം.

ഏതൊരു എസിയിലും ടൺ എന്നാൽ അതിന്റെ ഭാരം എന്നല്ല അർത്ഥമാക്കുന്നത്. സ്പ്ലിറ്റ് അല്ലെങ്കിൽ വിൻഡോ എസിയിൽ ഉപയോഗിക്കുന്ന ടൺ എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം അതിന്റെ തണുപ്പിക്കൽ ശേഷി എന്നാണ്. ലളിതമായി പറഞ്ഞാൽ, എസിക്ക് കൂടുതൽ ടൺ ഉണ്ടെങ്കിൽ, അതിന് നന്നായി തണുപ്പിക്കാൻ കഴിയുന്ന സ്ഥലത്തിന്‍റെ വിസ്തീർണ്ണവും വർദ്ധിക്കും എന്നർത്ഥം.

എയർ കണ്ടീഷണറുകളിൽ, ഒരു ടൺ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റുകൾക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഒരു ദിവസം ഒരു ടൺ ഐസ് ഉരുകാൻ ആവശ്യമായ താപത്തിന്റെ അളവാണിത്. ഒരു ചെറിയ മുറിക്ക് നിങ്ങൾ ഒരു എസി വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ഒരുടൺ അല്ലെങ്കിൽ അതിൽ കുറവ് ശേഷിയുള്ള ഒരു എസി വാങ്ങാം. എന്നാൽ, നിങ്ങൾ ഒരു വലിയ ഹാളിനോ വലിയ കിടപ്പുമുറിക്കോ ഒരു എസി വാങ്ങുകയാണെങ്കിൽ, 1.5 ടൺ അല്ലെങ്കിൽ രണ്ട് ടൺ ശേഷിയുള്ള ഒരു എസി വാങ്ങണം. ലളിതമായി പറഞ്ഞാൽ, ടൺ എന്നത് ഏതൊരു എസിയുടെയും തണുപ്പിക്കൽ ശേഷിയുടെ അളവുകോലാണ്.

ഒരു ടൺ ശേഷിയുള്ള എസിക്ക് ഒരു മണിക്കൂറിൽ 12,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റുകൾ (BTU) ചൂട് നീക്കം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു. അതുപോലെ 1.5 ടൺ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ 18,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റ് താപം നീക്കം ചെയ്യുന്നു. 2 ടൺ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ മുറിയിൽ നിന്ന് 24,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റ് ചൂട് നീക്കം ചെയ്യുന്നു.

അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യമുണ്ടോ? നിങ്ങൾ ഇതറിഞ്ഞിരിക്കണം

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്