
പെയിന്റ് ഇളകിയ ചുമരുകൾ കാണാൻ വീടിന് ഭംഗിക്കേടാണ്. പൊങ്ങി വരുന്നതും ചെറിയ രീതിയിലുള്ള വിള്ളലുകൾ സംഭവിക്കുന്നതുമെല്ലാം പെയിന്റ് ശരിയായ രീതിയിൽ ചുമരിൽ ഒട്ടിപ്പിടിക്കാത്തത് കാരണമാണ്. ഈർപ്പം, ശരിയായ രീതിയിൽ വൃത്തിയാക്കാതെ പെയിന്റ് ചെയ്യുക, പഴയ പെയിന്റ് തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പെയിന്റ് ഇളകി വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ടേപ്പ് ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുക
എല്ലാ ടേപ്പുകളും ഒരു പോലെയല്ല. പശയിലും ഇളക്കി മാറ്റുന്ന രീതിയിലുമെല്ലാം ഓരോ ടേപ്പുകളും വ്യത്യസ്തമാണ്. പെയിന്റ് അടിച്ച് ഉണങ്ങി കഴിഞ്ഞതിന് ശേഷം ഉടനെ ടേപ്പ് ഇളക്കി മാറ്റുമ്പോൾ പെയിന്റ് ഇളകി വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ടേപ്പ് തിരഞ്ഞെടുക്കുമ്പോൾ പശയുടെ അളവും ഇളക്കി മാറ്റേണ്ട സമയവും കൃത്യമായി അറിഞ്ഞിരിക്കണം. ഗ്ലാസ്, മെറ്റൽ തുടങ്ങിയ സ്ഥലങ്ങളിൽ പെയിന്റ് ചെയ്യുമ്പോൾ ചെറിയ അളവിൽ പശയുള്ള പെയിന്റുകൾ തെരഞ്ഞെടുക്കാം.
ഈർപ്പം ഉണ്ടെങ്കിൽ
പെയിന്റ് അടിക്കുന്ന സമയത്ത് ചുമരിൽ വെള്ളമോ ഈർപ്പമോ ഉണ്ടായാൽ പെയിന്റ് ഒട്ടിപ്പിടിക്കാതെ ആവുന്നു. വെള്ളത്തിന്റെ ലീക്കേജ്, അമിതമായി ഈർപ്പം എന്നിവ ഉണ്ടെങ്കിലും പെയിന്റ് ഇളകി വരാറുണ്ട്.
ചുമര് വൃത്തിയാക്കണം
അഴുക്ക് പിടിച്ച് വൃത്തിയില്ലാതെ കിടക്കുന്ന ചുമരിലും പെയിന്റ് ഒട്ടിപ്പിടിക്കുകയില്ല. പൊടിപടലങ്ങളോ അല്ലെങ്കിൽ എണ്ണമയമോ ചുമരിൽ ഉണ്ടായാൽ പെയിന്റ് പൊങ്ങി വരാനും ഇളകാനുമൊക്കെ കാരണമായേക്കാം. അതിനാൽ തന്നെ ചുമരുകൾ എപ്പോഴും നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ പെയിന്റ് ചെയ്യാൻ പാടുള്ളു.
ഗുണനിലവാരം ഇല്ലാത്ത പെയിന്റുകൾ
ഗുണനിലവാരം കുറഞ്ഞ പെയിന്റുകൾക്ക് കട്ടി കുറവായിരിക്കും. ഇത്തരം പെയിന്റുകൾ അടിക്കുമ്പോൾ കൂടുതൽ കോട്ടുകൾ അടിക്കേണ്ടതായി വരുന്നു. കൂടാതെ ഇത് ചുമരിൽ പറ്റിപ്പിടിക്കാനുള്ള സാധ്യതയും കുറവാണ്. ചുമരിന് അനുയോജ്യമായ പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.