
മൽസ്യം, മാംസം, പച്ചക്കറികൾ തുടങ്ങി എല്ലാത്തരം ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ബാക്കിവന്ന ഭക്ഷണം വയ്ക്കാൻ വേണ്ടി ഒരു ദിവസം പലതവണ നമ്മൾ ഫ്രിഡ്ജ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.
കേടുവന്ന ഭക്ഷണം
ദുർഗന്ധം ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന ഭക്ഷണമാണ്. അതിനാൽ തന്നെ ദുർഗന്ധം ഉണ്ടാക്കുന്ന സാധനങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഫ്രിഡ്ജ് നിരന്തരം വൃത്തിയാക്കണം
ഫ്രിഡ്ജ് വൃത്തികേടായി കിടന്നാലും ദുർഗന്ധം ഉണ്ടാകാറുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ അവശേഷിക്കുമ്പോൾ അത് ദുർഗന്ധമായി മാറുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കാൻ മടിക്കരുത്. ഭക്ഷണാവശിഷ്ടങ്ങൾ കിടന്നാൽ ഉടൻ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കാം. ഇത് പറ്റിപ്പിടിച്ചുപോയാൽ പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും.
ബേക്കിംഗ് സോഡ ഉപയോഗിക്കാം
ഫ്രിഡ്ജിലെ ദുർഗന്ധം ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ മതി. ഇത് ഫ്രിഡ്ജിലെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു. അതേസമയം അധിക ദിവസം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് ദിവസം ഇടവിട്ട് പഴയത് മാറ്റി പുതിയ ബേക്കിംഗ് സോഡ വെയ്ക്കാൻ ശ്രദ്ധിക്കണം. ഇതും ദുർഗന്ധത്തിന് കാരണമാകാറുണ്ട്.
പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ
ഉപയോഗിക്കാൻ എളുപ്പമാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. എന്നാൽ ദീർഘ കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നല്ലയിത്. പഴക്കം ഉണ്ടാകുംതോറും പാത്രത്തിൽ പൊട്ടലുകളും ദുർഗന്ധവും ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം പാത്രങ്ങൾ ഭക്ഷണം സൂക്ഷിക്കുന്നതിന് തെരഞ്ഞെടുക്കാൻ പാടില്ല.