
വസ്ത്രത്തിൽ കറ പറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ എണ്ണ കറപോലുള്ളവ കഴുകി വൃത്തിയാക്കുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. പ്രത്യേകിച്ചും ജീൻസ് പോലുള്ള വസ്ത്രങ്ങളിൽ. ജീൻസിൽ പറ്റിയ എണ്ണക്കറ എളുപ്പത്തിൽ വൃത്തിയാക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.
1. വസ്ത്രത്തിൽ എന്തുതരം കറകൾ പറ്റിയിരുന്നാലും ഉടനെ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കറ കൂടുതൽ സമയം ഇരിക്കുംതോറും ഇത് വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകുന്നു.
2. കറപറ്റിയ വസ്ത്രങ്ങൾ രാത്രി മുഴുവനും സോപ്പ് പൊടിയിൽ ഇട്ടുവയ്ക്കാം. ഇത് കറ എളുപ്പത്തിൽ പോകാൻ സഹായിക്കുന്നു. അടുത്ത ദിവസം നന്നായി ഉരച്ച് കഴുകിയാൽ പൂർണമായും കറ പോയി കിട്ടും.
3. പേപ്പർ ടവൽ ഉപയോഗിച്ച് വസ്ത്രത്തിൽ കറ പറ്റിയ ഭാഗം നന്നായി ഒപ്പിയെടുക്കണം. ഇത് കറയിലുള്ള എണ്ണമയത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു.
4. ഡ്രയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചൂട് കൊള്ളിക്കാൻ പാടില്ല. ഇത് വസ്ത്രത്തിൽ കറ കൂടുതൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു. പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
5. കറപറ്റിയ ഭാഗത്ത് കുറച്ച് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ഒരു മണിക്കൂർ അങ്ങനെ തന്നെ വയ്ക്കണം.
6. വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് ബേക്കിംഗ് സോഡ വിതറിയ ഭാഗം നന്നായി ഉരച്ച് കഴുകാം. കറയുടെ കാഠിന്യം കുറയുന്നതിനനുസരിച്ച് വൃത്തിയാക്കുന്നതും എളുപ്പമാകുന്നു.
7. ബേക്കിംഗ് സോഡയ്ക്ക് പകരം ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ചും കറ വൃത്തിയാക്കാൻ സാധിക്കും. സോപ്പ് പൊടിയെക്കാളും നല്ലത് ഡിഷ് സോപ്പ് ഉപയോഗിക്കുന്നതാണ്.
8. ബേക്കിംഗ് സോഡയും ഡിഷ് സോപ്പും ഉപയോഗിച്ചതിന് ശേഷവും കറ നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിനാഗിരി ഉപയോഗിക്കാം. വിനാഗിരി ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നന്നായി കഴുകിയെടുത്താൽ മതി.