സെക്‌സുമായി ബന്ധപ്പെട്ട നിറമുള്ള കഥകള്‍; യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതെന്ത്?

By Web TeamFirst Published Aug 9, 2018, 2:02 PM IST
Highlights

ആസ്വാദനം മാത്രമല്ല, ആശങ്കകളും പേടികളും ഇത്തരം കഥകളിലൂടെ മനസ്സില്‍ വന്നുകൂടുന്നു. കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നത് പലപ്പോഴും സ്ത്രീകളാണ്

സെക്‌സുമായി ബന്ധപ്പെട്ട ധാരാളം കഥകള്‍ കേട്ടാണ് ഓരോരുത്തരും വിവാഹ ജിവിതത്തിലേക്കും ലൈംഗിക ജീവിതത്തിലേക്കും കടക്കുന്നത്. എന്നാല്‍ ഈ കഥകള്‍ എത്തരത്തിലാണ് യഥാര്‍ത്ഥ ജീവിതത്തെ ബാധിക്കുന്നത്? 

ഇങ്ങനെ നിറം പിടിപ്പിച്ച സെക്‌സ് കഥകള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ലൈംഗികതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. പല തരത്തിലുള്ള മുന്‍ധാരണകള്‍ മനസ്സില്‍ ഉറച്ചുപോകാനും ഇതിലൂടെ സെക്‌സ് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. 

ഫാന്‍റസികളില്‍ നിന്നുണ്ടാകുന്ന പ്രതീക്ഷകള്‍...

പലപ്പോഴും നല്ല ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് മൂലം പരസ്പരം പങ്കുവയ്ക്കുന്ന കഥകളില്‍ മാത്രം ലൈംഗിക അവബോധം ഒതുങ്ങിപ്പോകുന്നു. ഫാന്റസികള്‍ (കല്‍പനകള്‍) മെനയുന്നതും, ഇങ്ങനെ തന്നെയാണ് യഥാര്‍ത്ഥ ജീവിതമെന്ന് വിശ്വസിക്കുന്നതുമെല്ലാം ഇക്കാരണം കൊണ്ടാണ്. ഫാന്റസികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകുന്നു. ഇത് ബന്ധങ്ങള്‍ തകരാനും കാരണമാകുന്നു. 

പേടിയും ആശങ്കകളും...

സെക്‌സ് കഥകളില്‍ നിന്ന് ആസ്വാദനം മാത്രമല്ല, പേടിയും ആശങ്കകളുമെല്ലാം പകരുന്നുണ്ട്. അനാരോഗ്യകരമായ ലൈംഗികതയ്ക്ക് കിട്ടുന്ന പ്രചാരം തന്നെയാണ് ഇതിനുള്ള കാരണവും. വൈകൃതങ്ങളാണ് പലപ്പോഴും ലൈംഗികതയായി കണക്കാക്കപ്പെടുന്നത് പോലും. ഇതിന് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. ആരോഗ്യകരമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. 

ഗര്‍ഭധാരണത്തെ കുറിച്ചുള്ള അപക്വമായ ചിന്തകള്‍...

ലൈംഗിക ജീവിതത്തിലേക്ക് കടക്കുന്നത് സമാധാനപരമായ മാനസികാന്തരീക്ഷത്തോടെയായിരിക്കണം. എന്നാല്‍ പങ്കാളിയുമൊത്തുള്ള സമയം പിന്നീട് ജിവിതത്തെ എങ്ങനെ ബാധിക്കുമെന്ന വേവലാതിയാണ് പലരിലും കാണുന്നത്. ഇതില്‍ തന്നെ ഗര്‍ഭധാരണത്തെ പറ്റിയുള്ള അപക്വമായ ചിന്തകളാണ് പ്രധാന പ്രതിസന്ധി. ലൈംഗിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പങ്കാളിയുമായി ഇക്കാര്യത്തില്‍ കൃത്യമായ ഒരു ധാരണയിലെത്തുന്നത് ഈ പ്രശ്‌നം പരിഹരിക്കും. 

ശരീരത്തെ കുറിച്ചുള്ള ധാരണയില്ലായ്മ...

സ്ത്രീകളാണ് ഇക്കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നത്. ശരീരത്തെ പറ്റിയുള്ള മിഥ്യാ ധാരണകളും, അപകര്‍ഷതാബോധവുമെല്ലാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. കന്യാചര്‍മ്മത്തെ കുറിച്ചുള്ള അറിവില്ലായ്മ പോലും പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഒേരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. 

പങ്കാളിയുമായുള്ള മാനസിക അടുപ്പം...

കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരം പങ്കാളികള്‍ പരസ്പരം നല്‍കേണ്ടതുണ്ട്. മാനസികമായ ഈ അടുപ്പം ഉണ്ടാക്കാനായില്ലെങ്കിലും ലൈംഗിക ജീവിതം പരാജയപ്പെടാന്‍ സാധ്യതകളോറെയാണ്. 
 

click me!