ട്രാന്‍സ്‌ജെന്‍ഡറായ മകന് വേണ്ടി ഒരമ്മ ചെയ്തത്...

By Web TeamFirst Published Aug 8, 2018, 11:52 PM IST
Highlights

2017 ഡിസംബറിലാണ് ആദ്യമായി സില്‍വിയ ആ വാര്‍ത്ത അറിയുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അതേ സംഭവത്തിന്‍റെ പിറകെ സഞ്ചരിച്ചു, ഒടുവില്‍ തീരുമാനവുമെടുത്തു

വിര്‍ജീനിയ: മകന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് സില്‍വിയ പാര്‍ക്ക് അറിയുന്നത് അവന് പതിനാറ് വയസ്സായപ്പോള്‍ മാത്രമാണ്. പിന്നീടങ്ങോട്ട് മകന് വേണ്ടിയാണ് സില്‍വിയയും ഭര്‍ത്താവ് എഡ്ഡിയും ജീവിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ച് അവര്‍ ധാരാളം വായിക്കുകയും അന്വേഷിക്കുകയും ചെയ്തു. എങ്ങനെയെല്ലാമാണ് മകന് തണലാകേണ്ടതെന്ന് അവര്‍ പഠിച്ചുകൊണ്ടിരുന്നു. 

ഇതിനിടെയാണ് 2017 ഡിസംബറില്‍, പുരുഷനായി ജനിച്ച് സ്ത്രീ ആയി മാറിയ ഒരാള്‍ക്ക് ഗര്‍ഭപാത്രം മാറ്റിവയ്ക്കാന്‍ ശ്രമം നടന്നതായി അവരറിഞ്ഞത്. ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. അങ്ങനെയാണ് സില്‍വിയയുടെ മനസ്സില്‍ പുതിയ ഒരാശയമുണ്ടാകുന്നത്. ട്രാന്‍സ്‌ജെന്‍ഡറായ മകനുള്‍പ്പെടെ രണ്ട് കുട്ടികളും, ദത്തെടുത്ത ഒരു കുട്ടിയുമുള്ള തനിക്ക് ഇനി ഒരു പ്രസവത്തിന്റെ ആവശ്യമില്ല. അപ്പോള്‍ എന്തുകൊണ്ട് ഗര്‍ഭപാത്രം ഇത്തരത്തില്‍ ദാനം ചെയ്തുകൂട!

ഈ ചിന്ത ഉപേക്ഷിക്കാന്‍ സില്‍വിയ തയ്യാറായിരുന്നില്ല. ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ പിറകെ പോയ സില്‍വിയ ഒടുവില്‍ തീരുമാനമെടുത്തു. മകന്റെ ജീവിതത്തോടുള്ള ഐക്യദാര്‍ഢ്യപ്പെടലിന്റെ ഭാഗമായി തന്റെ ഗര്‍ഭപാത്രം ഏതെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയ്ക്ക് നല്‍കും. പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്നവര്‍ക്ക് സ്വന്തമായി കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹമുണ്ടായിരിക്കുമെന്നും അത് നടപ്പിലാക്കാനാകാതെയാണ് അവരോരുത്തരും കഴിയുന്നതെന്നും സില്‍വിയ സ്വന്തം പഠനാനുഭവങ്ങള്‍ വച്ച് ചൂണ്ടിക്കാണിക്കുന്നു.

'ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നിലവില്‍ അത്ര വ്യാപകമല്ല. ഭാവിയില്‍ ഇതിന് വന്‍തോതിലുള്ള സ്വീകരണം ലഭിക്കണമെങ്കില്‍ ഇപ്പോള്‍ അതിന് വേണ്ട മാതൃകകള്‍ ഉണ്ടാകണം. രണ്ട് മക്കളെ പ്രസവിച്ച ഒരാളെന്ന നിലയ്ക്ക്, ഒരു കുഞ്ഞിന് വേണ്ടി ഒരാള്‍ ആഗ്രഹിക്കുന്നത് എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ മാനസികാവസ്ഥയെ, അവരുടെ ലിംഗവ്യത്യാസത്തിലുമപ്പുറം ഞാന്‍ മാനിക്കുന്നു.'- നാല്‍പത്തിയൊമ്പതുകാരിയായ സില്‍വിയ പറയുന്നു. 

തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ സില്‍വിയ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയിലെത്തി. ആവശ്യമായ പരിശോധനകള്‍ നടത്തി. തനിക്ക് അനുയോജ്യയായ സ്വീകര്‍ത്താവിന് വേണ്ടിയുള്ള തെരച്ചിലായിരുന്നു പിന്നീട്. ഒടുവില്‍ അങ്ങനെയൊരാളെയും കിട്ടി. തുടര്‍ന്ന് വിദഗ്ധരായ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിജയകരമായി ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി. ഇപ്പോള്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് സില്‍വിയ. 

തന്റെ ഗര്‍ഭപാത്രം സ്വീകരിച്ച സ്ത്രീയെ സില്‍വിയ കണ്ടിട്ടില്ല, അവര്‍ തിരിച്ചും കണ്ടിട്ടില്ല. എന്നാല്‍ തനിക്ക് രണ്ട് മക്കളെ തന്ന ആ അവയവം ഇനി മറ്റൊരാള്‍ക്ക് കൂടി അതേ ആനന്ദം നല്‍കുമല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് സില്‍വിയ പറയുന്നു. 

ജീവിച്ചിരിക്കുന്നവരില്‍ നിന്നും മരിച്ചവരില്‍ നിന്നും ഗര്‍ഭപാത്രങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളിലേക്ക് മാറ്റിവയ്ക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിലെ പല പ്രമുഖ ആശുപത്രികളിലും നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ചുരുക്കം ശ്രമങ്ങള്‍ മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യു.എസ് കേന്ദ്രീകരിച്ചാണ് കൂടുതല്‍ ശസ്ത്രക്രിയകളും ഇപ്പോള്‍ നടക്കുന്നത്.
 

click me!