
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കവേ അബദ്ധത്തില്‍ താഴെ വീണതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് അത് ആത്മഹത്യയായിരുന്നുവെന്ന് മനസ്സിലായത്.
കൂട്ടുകാര്‍ക്കയച്ച മെയിലാണ് ഇരുപത്തിയൊന്നുകാരനായ അനിരുദ്ധ്യയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാന്‍ സഹായിച്ചത്. മെക്കാനിക്കല്‍ ആന്റ് എയറോസ്‌പെയ്‌സ് എഞ്ചിനീയറിംഗ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സെക്കന്തരാബാദ് സ്വദേശിയായ അനിരുദ്ധ്യ.
അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കൊച്ചുകുടുംബം. സഹോദരിയുടെ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആകുന്നതേയുള്ളൂ. പഠിക്കാനും മിടുക്കനായിരുന്നു അനിരുദ്ധ്യ. അങ്ങനെയാണ് ഹൈദരാബാദ് ഐഐടിയില്‍ എഞ്ചിനയറിംഗിന് ചേരുന്നതും. നല്ലരീതിയിലാണ് കോഴ്‌സുമായും ക്യാംപസുമായും കൂട്ടുകാരുമൊക്കെയായി മുന്നോട്ടുപോയിരുന്നത്.
ഇതിനിടയിലെപ്പോഴോ മനസ്സിന്റെ താളം തെറ്റി. കുറെ നാളുകളായി വിഷാദത്തിലായിരുന്നു അനിരുദ്ധ്യയെന്ന് സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സൈക്യാട്രിസ്റ്റിനെ പോയി കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും അനിരുദ്ധ്യയെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്താനായില്ല. മരണമല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ശേഷം അവന്‍ കൂട്ടുകാര്‍ക്കെഴുതി.
'ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ ഈ തീരുമാനം തികച്ചും യുക്തിപരമാണെന്നാണ് എനിക്ക് തോന്നുന്നത്. ഭാവിയിലേക്ക് നോക്കുമ്പോള്‍ എന്തുണ്ട് എന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതത്തിന് ഒരു അര്‍ത്ഥവും ഇല്ലാതായിരിക്കുന്നു. നിത്യേനയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പോലും എനിക്കാകുന്നില്ല. അതൊക്കെയും എനിക്ക് വലിയ ബാധ്യതകളായാണ് തോന്നുന്നത്..'- അനിരുദ്ധ്യയുടെ വാക്കുകളാണിത്.
വിഷാദരോഗവും ആത്മഹത്യയും...
ചെറുപ്പക്കാരുടെ മരണകാരണങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും മുന്നിലുള്ള കാരണങ്ങളിലൊന്നായി വിഷാദരോഗം മാറിയിരിക്കുന്നു. കൃത്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും അവബോധമില്ലാത്തതിന്റെ പേരില്‍ മാത്രം അനിരുദ്ധ്യയെ പോലെ മരണത്തെ തെരഞ്ഞെടുക്കുന്ന യുവാക്കള്‍ നിരവധിയാണ്.
പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും സംഭവങ്ങളെ തുടര്‍ന്നോ, ജോലിയുമായോ കുടുംബവുമായോ പങ്കാളിയുമായോ ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നോ, ജീവിതത്തില്‍ നേരിടുന്ന ഏതെങ്കിലും പ്രത്യേക അവസ്ഥയെ തുടര്‍ന്നോ, എന്തിന് സാമ്പത്തിക ബാധ്യതകള്‍ വരെ ഒരാളെ വിഷാദത്തിലേക്ക് തള്ളിയേക്കാം. എന്നാല്‍ ഇത് ഒരു താല്‍ക്കാലികമായ സമയം മാത്രമായിരിക്കും, അതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ ഈ അവസ്ഥ മാറുമെന്നും മനശാസ്ത്രവിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നു.
ചിലര്‍ക്ക് കൗണ്‍സിലിംഗ്, ചിലര്‍ക്ക് മരുന്ന്, ജീവിതത്തില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍- അങ്ങനെ തീവ്രതയ്ക്കനുസരിച്ച് വിഷാദരോഗത്തിന് പല തരം ചികിത്സകളുമുണ്ട്. എന്നാല്‍ താല്‍ക്കാലികമായി നേരിടുന്ന ഒരു ദുരവസ്ഥയെ മറികടക്കാന്‍ മരണം എന്ന വഴി 'നിത്യമായ പരിഹാരം' തെരഞ്ഞെടുക്കുകയാണ് പലരും.
ലക്ഷണങ്ങളെ തിരിച്ചറിയാം...
വിഷാദരോഗത്തെ തുടര്‍ന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു സുഹൃത്തോ, പ്രിയപ്പെട്ടയാളോ നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടോ? എങ്കില്‍ അയാളെ നിങ്ങള്‍ക്ക് തിരിച്ചറിയാം, ചില ലക്ഷണങ്ങളിലൂടെ...
1. അയാളുടെ പ്രവര്‍ത്തനങ്ങളിലൂടെ തന്നെ അയാള്‍ മാനസികമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നു.
2. മരണത്തെ കുറിച്ച് പ്രത്യക്ഷമായും പരോക്ഷമായും സംസാരിക്കുന്നു.
3. സാമൂഹ്യബന്ധങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു. സ്വയം ഒറ്റപ്പെടുത്തുന്ന ഒരവസ്ഥയില്‍ എത്തുന്നു.
4. കാഴ്ചയിലും വ്യക്തിപരമായ ജീവിതത്തിലും വലിയ മാറ്റങ്ങള്‍. കുളിക്കാതിരിക്കുക, ഉറക്കമില്ലാതിരിക്കുക, ഭക്ഷണമില്ലാതിരിക്കുക. ഒന്നിനോടും ഉത്സാഹമില്ലാതിരിക്കുക എന്നിങ്ങനെ
5. സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടാവുക. ദേഷ്യപ്പെടാത്തയാള്‍ ദേഷ്യപ്പെടുന്നു. സംസാരിക്കുന്നയാള്‍ സംസാരിക്കാതാകുന്നു. പെട്ടെന്ന് കരയുന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു, മുറിയടച്ച് മണിക്കൂറുകളോളം ഇരിക്കുന്നു- ഇങ്ങനെയെല്ലാം.
6. ഒന്നിലും പ്രതീക്ഷയില്ലാത്ത അവസ്ഥയിലാകുന്നു.
7. മരിക്കാനുള്ള തയ്യാറെടുപ്പുകള്‍ സ്വകാര്യമായി, പതിയെ നടപ്പിലാക്കുന്നു. അത് കത്തിയോ, ഉറക്കഗുളികയോ പോലുള്ളവ സ്വന്തമാക്കി സൂക്ഷിക്കുന്നതാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളാകാം.
രണ്ട് രീതിയിലാണ് പ്രധാനമായും വിഷാദരോഗത്തിന് അടിപ്പെട്ട് ആത്മഹത്യ ചെയ്യാനുറപ്പിച്ചവര്‍ ഉള്ളതെന്നാണ് മനശാസ്ത്രവിദഗ്ധര്‍ പറയുന്നത്. ഒരു കൂട്ടര്‍ മരിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും ജീവിതത്തിലേക്ക് തിരിച്ചകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ പരസ്യമായും രഹസ്യമായുമെല്ലാം പ്രിയപ്പെട്ടവരോട് ഇക്കാര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റൊരു കൂട്ടരെ രക്ഷപ്പെടുത്തുക, പ്രിയപ്പെട്ടവര്‍ക്ക് പോലും എളുപ്പമല്ല. അവര്‍ വാശിയോടെ തങ്ങളുടെ തീരുമാനത്തിലുറച്ച് നിന്നേക്കാം. എങ്കിലും നമ്മുടെ പ്രിയപ്പെട്ടവരെ, രോഗത്തോട് പോരാടാനും, ജീവിതത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകാനും പ്രേരിപ്പിക്കാന്‍ നമുക്ക് കഴിയണ്ടേ?