മുഖത്ത് കാണുന്ന ചെറിയ വെളുത്ത തരികള്‍ അപകടകാരികളോ?

By Web DeskFirst Published Jul 17, 2018, 5:47 PM IST
Highlights
  • മുഖക്കുരു പോലെയോ ചൂടുകുരു പോലെയോ എളുപ്പത്തില്‍ ഇവയെ പൊട്ടിച്ചുകളയാനാകില്ല
  • മുടിയിലോ നഖത്തിലോ കാണുന്ന കെരോസിന്‍ ആണ് ഇവയില്‍ നിറഞ്ഞിരിക്കുക

വിവിധ തരം മുഖക്കുരുകളെ കുറിച്ചൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഹോര്‍മോണ്‍ വ്യത്യാസമാണ് പ്രധാനമായും മുഖക്കുരുകളുണ്ടാക്കുന്നത്. ഇതിനെ എങ്ങനെ ചെറുക്കാമെന്നതിനെക്കുറിച്ചും ഏറെക്കുറെ എല്ലാവര്‍ക്കും അവബോധമുണ്ട്. എന്നാല്‍ മുഖത്ത് കാണുന്ന തരികള്‍ പോലുള്ള തീരെ ചെറിയ കുരു, ഇക്കൂട്ടത്തില്‍ പെടുന്നവയല്ല. അതിനെയും മുഖക്കുരുവിന്റെ കൂട്ടത്തില്‍ അറിയാതെ പെടുത്തല്ലേ. അങ്ങനെ കണക്കാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാം. മിലിയ അല്ലെങ്കില്‍ മിലിയം എന്നാണ് ഈ തരികളെ വിളിക്കാറ്. 

എന്താണ് മിലിയ?

ചൂടുകുരു പോലെയോ മുഖക്കുരു പോലെയോ പെട്ടെന്ന് പൊട്ടുന്നതോ ഇളക്കിക്കളയാന്‍ കഴിയുന്നതോ ആയിരിക്കില്ല ഇവ. അല്‍പം കൂടി കട്ടിയുണ്ടാകും എന്നാല്‍ വലിപ്പം തീരെ ചെറുതുമായിരിക്കും. സാധാരണഗതിയില്‍ വെളുത്തതായിരിക്കും. ചിലപ്പോള്‍ ഇളം മഞ്ഞ നിറത്തിലുമാകാം. തൊലിക്കടിയില്‍ നിന്ന് വളര്‍ന്നുവരുന്ന കുരുവില്‍ മുടിയിലും നഖത്തിലും കാണപ്പെടുന്ന പ്രോട്ടീനായ കെരോസിന്‍ നിറഞ്ഞിരിക്കും. 

പ്രത്യേകിച്ച് കാരണങ്ങളില്ലാതെയാണ് ഇവ പൊങ്ങുക. മുഖത്ത്, കവിളിലോ കണ്ണുകളുടെ സമീപത്തോ മുക്കിലോ ഒക്കെ കെരോസിന്‍ അടിഞ്ഞുകൂടുന്ന സാഹചര്യത്തില്‍ ഇവ ഉണ്ടാകുന്നു. ചിലപ്പോള്‍ പൊള്ളലോ, അണുബാധയോ കാരണമാകാറുണ്ട്. എങ്കിലും കൃത്യമായി എന്തുകൊണ്ട് ഇവയുണ്ടാകുന്നുവെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

എങ്ങനെ ചികിത്സിക്കാം?

എന്തുകൊണ്ട് മിലിയ ഉണ്ടാകുന്നുവെന്ന് വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ഇതിനെ ചെറുക്കാനും പ്രത്യേകം മാര്‍ഗ്ഗങ്ങളില്ല. എന്നാല്‍, ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇതിന് ചികിത്സയുണ്ട്. 

മുഖക്കുരു പോലെ എളുപ്പത്തില്‍ പൊട്ടിച്ച് കളയാന്‍ ശ്രമിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഇത് മുറിവുണ്ടാക്കാനും, പിന്നീട് മുഖത്ത് കറുത്ത പാടുകളുണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. അവര്‍ സൂചിയോ ചെറിയ കത്രികയോ ഉപയോഗിച്ച് അനായാസം അവയെ പറിച്ച് മാറ്റും. 

പരിഹാരം കാണാതെ ഒരുപാട് ദിവസങ്ങള്‍ മുഖം അതുപോലെ തന്നെ സൂക്ഷിക്കുന്നതും നന്നല്ല. മറ്റ് അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതകള്‍ വളരെ കുറവാണെങ്കിലും മുഖത്തെ തൊലിയെ നശിപ്പിക്കാന്‍ ഇവ മതി. സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് വളരെ വേഗത്തില്‍ ഇതിന് പരിഹാരം കാണാവുന്നതേയുള്ളൂ. 

click me!