ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ കുറയ്ക്കാം

By Web TeamFirst Published Dec 24, 2018, 9:02 AM IST
Highlights

കുടവയര്‍ കുറയ്‌ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ഭക്ഷണമാണ്‌. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കുടവയർ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവരും പാരമ്പര്യമായി പ്രമേഹസാധ്യത കൂടുതലുള്ളവരും  വളരെയധികം  ശ്രദ്ധിക്കണം.

കുടവയര്‍ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. കുടവയർ കുറയ്ക്കാൻ ഡയറ്റും വ്യായാമവുമെല്ലാം ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇതെല്ലാം ചെയ്തിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  കുടവയര്‍ കുറയ്‌ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ഭക്ഷണമാണ്‌. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. കാപ്പി കുടിച്ചാല്‍ കുടവയര്‍ പെട്ടെന്ന്‌ കൂടാം. അത്‌ പോലെ തന്നെയാണ്‌ മദ്യവും. 

മദ്യം കുടിക്കുന്തോറും കുടവയര്‍ കൂടുകയാണ് ചെയ്യാറുള്ളത്. കുടവയർ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവരും പാരമ്പര്യമായി പ്രമേഹസാധ്യത കൂടുതൽ ഉള്ളവരും വളരെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. അടിവയറ്റിലെ പേശികളോടു ചേർന്ന് അടിഞ്ഞുകൂടുന്ന ദുർമേദസ് നിങ്ങളുടെ പ്രമേഹനിലയിൽ അപകടകരമായ വ്യതിയാനം  ഉണ്ടാക്കുന്നു. 

പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നുകളുടെ പ്രയോജനവും ഇത് നഷ്ടപ്പെടുത്തുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഹാരക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ  മതി. കുടവയര്‍ കുറയ്‌ക്കാന്‍ മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മറിച്ച്‌ ഒഴിവാക്കിയാല്‍ മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടാം. കുടവയർ കുറയ്ക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

വെള്ളം ധാരാളം കുടിക്കുക......

ഭക്ഷണം വലിച്ചുവാരി കഴിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. ആവശ്യമുള്ളതും പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുകയാണ് വേണ്ടത്. വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തോടുള്ള നിങ്ങളുടെ ആർത്തി കുറയ്ക്കുകയും അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതയെ നിയന്ത്രിക്കുകയും ചെയ്യും.

പയർവർഗങ്ങൾ കൂടുതൽ കഴിക്കാം...

ധാരാളം പയർവർഗങ്ങൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കി നോക്കൂ. ഇത് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കും. മാംസാഹാരത്തിനു പകരം പയർവർഗങ്ങൾ ദിവസേന കഴിച്ചാൽ മതി. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിലെ മെറ്റബോളിസം വർധിക്കാനും വളരെ നല്ലതാണ് പയർവർ​ഗങ്ങൾ. 

മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള കഴിക്കൂ...

മുട്ട കഴിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരു മുട്ടയുടെ വെള്ള കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കഴിച്ചാൽ മതി. കൊളസ്ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ ഇത് കഴിക്കാവൂ. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ വളരെ നല്ലതാണ് മുട്ടയുടെ വെള്ള. 

പച്ചക്കറികൾ ധാരാളം കഴിക്കാം...

പച്ചക്കറികൾ ധാരാളമായി കഴിക്കാൻ ശ്രമിക്കുക. സാലഡ് രൂപത്തിലും മധുരം ചേർക്കാത്ത ജ്യൂസ് രൂപത്തിലും വേണം കഴിക്കാൻ. നിറമുള്ള പച്ചക്കറികൾ പ്രമേഹരോഗികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

നട്സ് കൊഴുപ്പ് അകറ്റും...

നട്സ് അധികമല്ലാത്ത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സ് നിങ്ങൾക്കാവശ്യമായ പ്രോട്ടീൻ നൽകുന്നുവെന്ന് മാത്രമല്ല നിങ്ങളുടെ അമിതവിശപ്പ് കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ വളരെ നല്ലതാണ് നട്സ്. 

മദ്യപാനം ഒഴിവാക്കുക....

സ്ഥിരമായി മദ്യപിക്കുന്ന ആളാണോ നിങ്ങൾ. എങ്കിൽ കുടവയർ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. മദ്യപാനം പൂർണമായും ഒഴിവാക്കിയാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം. 

ജങ്ക് ഫുഡിനോട് നോ പറയാം...

 ജങ്ക് ഫു‍‍ഡ് കഴിക്കുന്ന വ്യക്തിക്ക് തീർച്ചയായും കുടവയർ ഉണ്ടാകാം. ബർ​ഗർ, പിസ, സാൻവിച്ച് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ കുടവയർ തടയാനാകും. കുട്ടികൾക്ക് ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ നൽകി ശീലിപ്പിക്കാതിരിക്കുക. എയ്റോബിക്സ് വ്യായാമം കുടവയർ കുറയാൻ സഹായിക്കും. 
 

click me!