മനുഷ്യവിസര്‍ജ്ജം കൊണ്ട് ഒരു കൊട്ടാരം പണിതാലോ?

Published : Feb 09, 2019, 06:46 PM IST
മനുഷ്യവിസര്‍ജ്ജം കൊണ്ട് ഒരു കൊട്ടാരം പണിതാലോ?

Synopsis

ആഗോളതലത്തില്‍ തന്നെ കുമിഞ്ഞുകൂടുന്ന മാലിന്യപ്രശ്‌നങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് മനുഷ്യവിസര്‍ജ്ജത്തിന്റെ സംസ്‌കരണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ നിന്ന് മനുഷ്യവിസര്‍ജ്ജം പുഴകളിലേക്കും മറ്റ് തുറസ്സായ മേഖലകളിലേക്കും അങ്ങനെ തന്നെ ഒഴുക്കിവിടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മള്‍ കേരളത്തില്‍ പോലും ഈ അവസ്ഥയ്ക്കാണ് സാക്ഷികളായിക്കൊണ്ടിരിക്കുന്നത്

കേള്‍ക്കുമ്പോള്‍ അവിശ്വസീനയതയും അറപ്പും തോന്നുന്നുണ്ടോ? മനുഷ്യവിസര്‍ജ്ജം കൊണ്ടൊരു കൊട്ടാരം.... എന്നാല്‍ അമ്പരക്കേണ്ട, മനുഷ്യവിസര്‍ജ്ജം മാത്രം ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്ന കാര്യമല്ല പറയുന്നത്. പിന്നെയെങ്ങനെയാണെന്ന് പറയാം. 

ആഗോളതലത്തില്‍ തന്നെ കുമിഞ്ഞുകൂടുന്ന മാലിന്യപ്രശ്‌നങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് മനുഷ്യവിസര്‍ജ്ജത്തിന്റെ സംസ്‌കരണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ നിന്ന് മനുഷ്യവിസര്‍ജ്ജം പുഴകളിലേക്കും മറ്റ് തുറസ്സായ മേഖലകളിലേക്കും അങ്ങനെ തന്നെ ഒഴുക്കിവിടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മള്‍ കേരളത്തില്‍ പോലും ഈ അവസ്ഥയ്ക്കാണ് സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് മനുഷ്യവിസര്‍ജ്ജത്തെ സംസ്‌കരിച്ച് എന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനമാണ് കെട്ടിടനിര്‍മ്മാണത്തിന് മനുഷ്യവിസര്‍ജ്ജമുപയോഗിക്കാമെന്ന കണ്ടെത്തല്‍ നടത്തിയത്. 

ഓസ്‌ട്രേലിയയിലെ ആര്‍.എം.ഐ.ടി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ അബ്ബാസ് മൊഹജെരാനിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. അതായത് മനുഷ്യവിസര്‍ജ്ജത്തെ സംസ്‌കരിച്ച് അതില്‍ നിന്ന് ലഭിക്കുന്ന ഖര പദാര്‍ത്ഥങ്ങള്‍ 25 ശതമാനവും മണ്ണ് 75 ശതമാനവും എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകുമത്രേ. ഇത് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കാം. 

ഇനി, ഇതിന്റെ ഉറപ്പുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയാണ്. സാധാരണഗതിയില്‍ നമ്മള്‍ നിര്‍മ്മാണമേഖലയില്‍ ഉപയോഗിക്കുന്ന ഇഷ്ടികയോളമോ അതിനെക്കാളുമോ ഉറപ്പുണ്ടത്രേ മനുഷ്യവിസര്‍ജ്ജമുപയോഗിച്ചുണ്ടാക്കുന്ന ഈ ഇഷ്ടികകള്‍ക്ക്. ഇക്കാര്യവും അവര്‍ പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞു. മാത്രമല്ല, ഇത് നിര്‍മ്മിക്കാന്‍ വേണ്ട ചിലവും താരതമ്യേന കുറവാണെന്ന്. 

ഈ കണ്ടെത്തല്‍ നിര്‍മ്മാണമേഖലയ്ക്ക് മാത്രമല്ല, ഭൂമിയുടെ സ്വസ്ഥമായ നിലനില്‍പിനും ഏറെ ഗുണകരമാകുന്ന ഒന്നാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നിര്‍മ്മാണമേഖലയിലെ ആവശ്യങ്ങള്‍ക്കായി മണ്ണിനെ ഭീകരമായ തോതില്‍ ചൂഷണം ചെയ്യുന്ന അവസ്ഥയിലാണ് നമ്മളെത്തിനില്‍ക്കുന്നത്. 1500 ബില്ല്യണ്‍ ഇഷ്ടികകള്‍ നിര്‍മ്മിക്കാനായി 3.13 ബില്ല്യണ്‍ ക്യുബിക് മീറ്ററോളം മണ്ണാണ് (കളിമണ്ണ്) ആവശ്യമായി വരുന്നത്. ഏതാണ്ട് 1000 സോക്‌സര്‍ ഫീല്‍ഡുകള്‍ക്ക് സമം ആണ് ഇത്. 

ഇത്തരത്തിലുള്ള മണ്ണെടുപ്പ് പ്രകൃതിയുടെ തുലനാവസ്ഥയെ വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാനും ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ കണ്ടെത്തലിനാകും. എന്നാല്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

PREV
click me!

Recommended Stories

ബോളിവുഡ് സുന്ദരിമാരുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ദീപിക മുതൽ ശ്രദ്ധ കപൂർ വരെ പിന്തുടരുന്ന സൗന്ദര്യക്കൂട്ടുകൾ അറിയാം
തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ് ; പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട എൽഇഡി മാസ്കിനെക്കുറിച്ച് അറിയാം