അന്യപുരുഷന്മാരെ ആകര്‍ഷിക്കുമെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് തല്ലിച്ചതച്ചു

By Web DeskFirst Published Sep 20, 2017, 4:48 PM IST
Highlights

ലണ്ടന്‍: ഭാര്യയുടെ  സൌന്ദര്യം അന്യപുരുഷന്മാരെ ആകര്‍ഷിക്കുമെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് തല്ലിച്ചതച്ചു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹഡ്ഡ്സ്ഫീല്‍ഡിലാണ് സംഭവം. ലോറന്‍ റിച്ച്മോണ്ട് എന്ന യുവതിയെ ഭര്‍ത്താവ് ജോര്‍ദ്ദാന്‍ ഗ്രീവസാണ് ക്രൂരമായി ആക്രമിച്ചത്. 

താന്‍ അനുഭവിച്ച ക്രൂരതകളെ കുറിച്ച് എണ്ണിയെണ്ണി യുവതി വ്യക്തമാക്കിയപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത്. വിവാഹം ഉറപ്പിച്ച സമയത്തൊന്നും ജോര്‍ദ്ദാന് യാതൊരു കുഴപ്പവുമില്ലായിരുന്നെന്ന് ലോറന്‍ പറയുന്നു. എന്നാല്‍ പിന്നീട് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുകയായിരുന്നു. 

ആദ്യം തന്റെ മേക്കപ്പിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു ജോര്‍ദ്ദാന്‍ ചെയ്തതെന്ന് യുവതി പറയുന്നു. ഇതിന് കാരണമായി ഇയാള്‍ പറഞ്ഞത് മറ്റുള്ള പുരുഷന്മാര്‍ ലോറന്റെ മേക്കപ്പില്‍ ആകൃഷ്ടരാകും എന്നായിരുന്നു. തുടര്‍ന്ന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും വീടിന് പുറത്തു പോകുന്നതിനുമെല്ലാം വിലക്കേര്‍പ്പെടുത്തി. 

സ്റ്റാര്‍ബക്ക്സില്‍ ജോലിക്ക് പോയിത്തുടങ്ങിയപ്പോള്‍ താനറിയാതെ ഭര്‍ത്താവ് തന്നെ പിന്തുടര്‍ന്നിരുന്നുവെന്നും ആരോടെക്കെ സംസാരിക്കുന്നുവെന്നും മറ്റും നിരീക്ഷിച്ചിരുന്നതായി ലോറന്‍ പറഞ്ഞു. പിന്നീട് ഓരോ കാര്യങ്ങള്‍ പറഞ്ഞ് കുറ്റപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പതിവാക്കുകയായിരുന്നു. 

എന്നാല്‍ ജോര്‍ദ്ദാന് തന്നോട് അസൂയ തോന്നേണ്ട യാതൊരു കാര്യവുമില്ലായിരുന്നെന്നും തന്‍റെ ജീവിതത്തിലെ ഏക പുരുഷന്‍ ഭര്‍ത്താവ് മാത്രമായിരുന്നെന്നും ലോറന്‍ പറയുന്നു. 

ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജോര്‍ദ്ദാന്‍ ക്ഷമ പറയുമായിരുന്നുവെന്നും ലോറന്‍ പറയുന്നു. തന്റെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും ക്ഷമിക്കണമെന്നും പറയുമ്പോള്‍ താന്‍ അത് വിശ്വസിച്ച് കൂടെ ജീവിക്കുകയായിരുന്നെന്നും ലോറന്‍ പറഞ്ഞു. എന്നാല്‍ ഒരു ദിവസം മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കവെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വാഹനത്തില്‍ വെച്ച് തന്നെ കൊന്നുകളയുമെന്ന് ഉറപ്പിച്ചതായിരുന്നു. ആ നിമിഷത്തില്‍ നിന്ന് താന്‍ എങ്ങനെയോ രക്ഷപ്പെട്ടെന്നും ലോറന്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കേസ് കോടതിയിലെത്തി. 

ഒരു വര്‍ഷത്തേക്ക് ഭാര്യയെ കാണരുതെന്നും മാസം തോറും നിശ്ചിത തുക ജീവനാംശമായി നല്‍കണമെന്നും ജോര്‍ദ്ദാനെതിരെ കോടതി വിധിച്ചു. മദ്യപിച്ച വാഹനമോടിച്ചതിന് 20 മാസത്തേക്ക് കോടതി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

click me!