കാഴ്ചയ്ക്ക് നല്ല സുന്ദരന്‍ പട്ടിക്കുഞ്ഞുങ്ങള്‍; പക്ഷേ ഇത് കഥ വേറെയാണ്...

By Web TeamFirst Published Sep 25, 2018, 3:02 PM IST
Highlights

ഓര്‍ത്തുനോക്കൂ, പ്ലേറ്റില്‍ കണ്ണും തുറിച്ച് കാലും മടക്കിവച്ച് വാലാട്ടാനൊരുങ്ങിക്കിടക്കുന്ന പട്ടിക്കുഞ്ഞുങ്ങള്‍. ഇവയെ എങ്ങനെ കഴിക്കും!
 

നല്ല പളുങ്ക് കണ്ണുകളും, ഭംഗിയുള്ള മുഖവും, മിനുമിനുപ്പന്‍ തൊലിയും രോമങ്ങളും... ആകെക്കൂടി കാണുമ്പോള്‍ ഓമനത്തം തോന്നുന്ന പട്ടിക്കുഞ്ഞുങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്നല്ലേ? ഇവരെ ഒരു പ്ലേറ്റിലാക്കി സ്പൂണും വച്ച് തന്നാല്‍ ഒന്നും നോക്കാതെ നമുക്ക് ഇവരെയങ്ങ് തിന്നാം. 

ഓര്‍ത്തുനോക്കൂ, പ്ലേറ്റില്‍ കണ്ണും തുറിച്ച് കാലും മടക്കിവച്ച് വാലാട്ടാനൊരുങ്ങിക്കിടക്കുന്ന പട്ടിക്കുഞ്ഞുങ്ങള്‍. ഇവയെ എങ്ങനെ കഴിക്കും!

 

 

പേടിക്കേണ്ട, പപ്പിക്കുഞ്ഞുങ്ങളുടെ രൂപത്തിലുള്ള ഐസ്‌ക്രീമുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തായ്വാനിലാണ് ഈ ട്രെന്‍ഡിന് തുടക്കമായത്. തായ്വാനിലെ 'ജെ.സി കോ ആര്‍ട്ട് കിച്ചന്‍' ആണ് ആദ്യമായി പപ്പി ഐസ്‌ക്രീം പരീക്ഷിച്ചത്. പരീക്ഷണം വിജയിച്ചതോടെ സംഗതി വ്യാപകമായി. പഗ്ഗുകളുടെ രൂപത്തിലുള്ള ഐസ്‌ക്രീമുകള്‍ക്കാണ് പൊതുവേ ഡിമാന്‍ഡ് കൂടുതല്‍. ഇതിന് പുറമെ., ലാബ്രഡോര്‍, ഷാര്‍പേസ് തുടങ്ങിയ ഇനങ്ങളിലുള്ള പട്ടിക്കുഞ്ഞുങ്ങളുടെ രൂപത്തിലുള്ളവയും വിപണിയിലെത്തുന്നുണ്ട്. 

 

 

കാണാനുള്ള കൗതുകത്തിനപ്പുറം വലിയ അധ്വാനമാണ് ഓരോ പപ്പി ഐസ്‌ക്രീമിനും പിന്നിലുള്ളത്. ഐസ്‌ക്രീമിന് വേണ്ട ചേരുവകളൊക്കെ ഒരുക്കിയ ശേഷം ഇതിനെ പട്ടിക്കുഞ്ഞിന്റെ ആകൃതിയിലുള്ള അച്ചില്‍ നിറയ്ക്കും. തുടര്‍ന്ന് 22 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കണം. പിന്നീട് പുറത്തെടുത്ത ശേഷമാണ് 'ഫൈന്‍ ടച്ച് അപ്പ്'. പല നിറങ്ങളിലും ഫ്‌ളേവറുകളിലും രുചികളിലുമുള്ള ഐസ്‌ക്രീമുകളുടെ വില നിലവാരവും ഓരോന്നിന്റെയും പ്രത്യേകത അനുസരിച്ചാണ്.

click me!